നാദാപുരം: റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം സഹകരണ അർബൻ ബാങ്കിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് 24ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് രമേശ് ചെന്നിത്തല എം എൽ എ നിർവഹിക്കും.

ബാങ്കിന്റെ മൂലധന പര്യാപ്തത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഷെയർ ക്യാമ്പയിൻ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. 2002 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഈ ധനകാര്യ സ്ഥാപനം രണ്ടു പതിറ്റാണ്ടിലേറെയായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയാണ്.
റിസർവ് ബാങ്കിന്റെ നിയമാവലിക്ക് വിധേയമായി സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ബാങ്കിൽ ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടർ എം പി റീത്ത മുഖ്യാതിഥിയാകും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, നാദാപുരം, തൂണേരി, പുറമേരി, കുന്നുമ്മൽ, ചെക്യാട്, വളയം, വാണിമേൽ എന്നീ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ വ്യാപാര മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
അർബൻ ബാങ്കിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങ് നടക്കുന്നത്. വാർത്താ സമ്മേളനത്തിൽ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്, ജനറൽ മാനേജർ കെ എൻ അബ്ദു റഷീദ്, അസി. മാനേജർ രാജീവ് മാറോളി എന്നിവർ പങ്കെടുത്തു.
#Nadapuram #Urban #Bank #website #launching #share #campaign #inauguration