അരൂർ: (nadapuram.truevisionnews.com) അരൂരിൽ പന്നിശല്യം രൂക്ഷമായി. പൊതു നിരത്തിൽ പട്ടാപ്പകൽ പോലും കാട്ടുപന്നികൾ വിഹരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. പ്രഭാത സഞ്ചാരികൾ നടത്തം നിർത്തി.

കൂട്ടമായെത്തുന്ന പന്നികൾ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. അരൂരിൽ ഒരു കർഷകൻ അത്ഭുതകരമായാണ് പന്നിയുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൃഷിയിടം സന്ദർശിക്കാൻ പോയ കർഷകൻ കാണുന്നത് പന്നി വാഴകൾ നശിപ്പിക്കുന്നതാണ്.
ബഹളം വെച്ച് പന്നിയെ ഓടിക്കാൻ ശ്രമിച്ചതിനിടയിൽ പന്നി കർഷകന് നേരെ പാഞ്ഞടുത്തു. ഇദ്ദേഹം തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു. അരൂരിൽ നിരവധി പേരെ നേരത്തെ പന്നികൾ ആക്രമിച്ച് സാരമായി പരുക്കേൽപ്പിച്ചിരുന്നു.
കൃഷി നശീകരണം തുടങ്ങിയതോടെ പച്ചക്കറി കൃഷി അരൂരിൽ നിർത്തിയിരിക്കുകയാണ്. ഇതോടെ ജൈവ പച്ചക്കറി കൃഷി നാമമാത്രമായി. പന്നിശല്യം തടയാൻ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരുമെന്ന് നാട്ടുകാർ പറയുന്നു.
#Farmers #distress #Pig #infestation #severe #Arur #farming #hopeless