തൂണേരി: (nadapuram.truevisionnews.com) 2024 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോടഞ്ചേരിക്കാർക്കും ആഹ്ലാദിക്കാൻ വകയുണ്ടായി.

കഥാപ്രസംഗ കലയിലെ മികവിന് അക്കാദമി നൽകിയ അവാർഡ് ബാബു കോടഞ്ചേരി എന്ന പേരിൽ അറിയപ്പെടുന്ന തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലെ പരേതരായ പാലിനാണ്ടിയിൽ കുഞ്ഞിരാമൻ്റെയും മാതുവിൻ്റെയും മകനായ ബാബുവിനായിരുന്നു.
36 വർഷമായി കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ഇക്കാലയളവിൽ നിരവധി വേദികളിൽ വ്യത്യസ്തമായ കഥകൾ അവതരിപ്പിച്ചു. സൂൾ പഠനകാലത്തു തന്നെ പ്രൊഫഷണൽ കഥാപ്രസംഗരംഗത്തു നിറഞ്ഞുനിന്നു.
പതിമൂന്നോളം കഥാപ്രസംഗങ്ങൾ ബാബു നൂറു കണക്കിന് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിന് എന്നും പുതുമ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ ഓരോ കഥാപ്രസംഗങ്ങളും വ്യത്യസ്തമായ അവതരണത്തോടെ വേദിയിൽ എത്തിച്ചു.
വയലാർ ഒരു സൂര്യതേജസ് എന്ന കഥാപ്രസംഗം അദ്ദേഹത്തിൻ്റെ കവിതകളും ഗാനങ്ങളും മാത്രം ഉൾപ്പെടുത്തിയാണ് വേദികളിൽ അവതരിപ്പിച്ചത്. വയലാറിനെ വേദിയിലെ ക്യാൻവാസിൽ വരച്ചു കൊണ്ടാണ് കഥ തുടങുന്നത്.
കഥാപ്രസംഗത്തിൻ്റെ ചട്ടക്കൂടിൽ നിന്നു കൊണ്ടുതന്നെ ദൃശ്യവർണ്ണവൈവിധ്യങ്ങളോടെ ചിരുതത്തെയ്യം എന്ന കഥ ഈ വർഷം വേദികളിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഉറൂബിൻ്റെ ഉമ്മാച്ചു മറ്റൊരു മാറ്റവുമായി അടുത്ത മാസം ആരംഭിക്കും.
സംഗീതനാടക അക്കാദമി മുൻവർഷങ്ങളിൽ നടത്തിയ കഥാപ്രസംഗ മഹോത്സവത്തിന് ആറ് വർഷം തുടർച്ചയായി കഥാപ്രസംഗം അവതരിപ്പിക്കാൻ ബാബു കോടഞ്ചേരിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
2018-ൽ ഇടക്കൊച്ചി പ്രഭാകരൻ സ്മാരക അവാർഡ് 2025-ൽ ബിഹൈഡ് കർട്ടൺ സംസ്ഥാന തല അവാർഡ് ഉൾപ്പെടെ ചെറുതും വലുതുമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ആകാശവാണി കണ്ണൂർ - കോഴിക്കോട് നിലയങ്ങളിൽ 1987 മുതൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു വരുന്നുണ്ട്. ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിൽ മിലിട്ടറി എഞ്ചിനിയറിംഗ് സർവ്വീസിൽ ഉദ്യോഗസ്ഥനായ ബാബു ഭാര്യ ഉഷക്കും മക്കളായ വൈഷ്ണക്കും ജിഷ്ണുവിനുമൊപ്പം സ്നേഹകല എന്ന വീട്ടിൽ പയ്യന്നൂരാണ് താമസം.
#BabuKodenchery #Kerala #Sangeetha #Nataka #Academy #award