നാദാപുരം: (nadapuram.truevisionnews.com) അഞ്ചാംക്ലാസുകാരിക്കെതിരായ അധ്യാപകന്റെ ലൈംഗികാതിക്രമ പരാതി പൂഴ്ത്തിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപികക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ കോഴിക്കോട് പോക്സോ കോടതി ഉത്തരവ്. പരാതിയില്‍ കഴമ്പില്ലെന്ന നാദാപുരം പൊലീസിന്റെ റിപ്പോർട്ടും കോടതി തള്ളി.

ഭരണാനുകൂല അധ്യാപക സംഘടനാ പ്രവർത്തകന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും ഒത്തുകളിച്ചത്. കേസില്‍ നിർണായമായത് ലൈംഗികാതിക്രമം തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ്.
രണ്ടു വർഷം മുമ്പ് 2023 ഏപ്രില്‍ 24 ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന് സമീപത്തെ ഒരു എല്‍ പി സ്കൂളിലാണ് സംഭവം നടക്കുന്നത്. അഞ്ചാം ക്ലാസുകാരിയോട് 51 വയസുകാരനായ സ്കൂളിലെ അധ്യാപകന്‍ ലൈംഗിക അതിക്രമം കാണിച്ചു.
ജൂണില്‍ സ്കൂള്‍ ഓഫീസിലെ സി സി ടി വി പരിശോധിച്ച സ്കൂള്‍ മാനേജറാണ് ഈ അതിക്രമം കാണുന്നത്. പ്രധാനാധ്യാപകയോട് നടപടിയെടുക്കാന്‍ പറഞ്ഞെങ്കിലും പരാതി ഒത്തുതീർത്തെന്നായിരുന്നു മറുപടി. നാദാപുരം എ ഇ ഒ യോട് വിവരം പറഞ്ഞെങ്കിലും ഭീഷണിയായിുരന്നു ഫലം.
തുടർന്ന് സ്കൂള്‍ മാനേജർ നാദാപുരം പൊലീസില്‍ നേരിട്ട് പരാതി നല്കിയെങ്കിലും ഭരണാനുകൂല അധ്യാപക സംഘടനാ പ്രവർത്തകനായതിനാല്‍ പൊലീസിനും താല്പര്യമുണ്ടായില്ല.എട്ടു മാസത്തിന് ശേഷം എഫ് ഐ ആർ ഇട്ടങ്കിലും പരാതി വസ്തുതാപരമല്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോർട്ട് നല്കി.
എന്നാല്‍ നിർണായക തെളിവായ സി സി ടി വി ദൃശ്യങ്ങള്‍ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയതോടെ പൊലീസ് റിപ്പോർട്ട് തള്ളി കേസുമായി മുന്നോട്ടു പോകാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
അധ്യാപകനെ സഹായിക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനും എ ഇ ഒക്കും സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു. പോക്സോ ആക്ടിലെയും ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളാണ് മൂന്നുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.
#Collusion #Nadapuram #rape #complaint #POCSO #court #orders #file #case #against #headmistress #sub #educational #officer