നാദാപുരം :(nadapuram.truevisionnews.com) മഠത്തിൽ പൊക്കൻ്റെ വേർപാടിൽ നാടിന് നഷ്ടമായത് മണ്ണിലധ്വാനിക്കുന്ന മനുഷ്യന് വേണ്ടി അവസാന ശ്വാസം വരെ നിലകൊണ്ട കമ്യൂണിസ്റ്റിനെ. ത്യാഗ നിർഭരമായ ഒട്ടനവധി പോരാട്ടങ്ങളിലൂടെ കർഷകത്തൊഴിലാളികളെ അവകാശത്തിന്റെ ബാലപാഠം പഠിപ്പിച്ച ധീരനായ പോരാളിയായിരുന്നു നാടിൻ്റെ സഖാവ്.
ജന്മിത്തം അവസാനിച്ചിട്ടും മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകത്തൊഴിലാളികളെ പകലന്തിയോളം പണിയെടുപ്പിച്ച ഭൂതകാലം ഉണ്ടായിരുന്നു കുമ്മങ്കോട് മേഖലയിലെ കർഷകത്തൊഴിലാളികൾക്ക്. രാപ്പകലില്ലാതെ വണ്ടിക്കാളയെപ്പോലെ പണിയെടുപ്പിച്ച കർഷകത്തൊഴിലാളികൾക്ക് പണിയെടുക്കുന്നതിന് സമയ ക്രമം കാണിച്ചു കൊടുത്തും പണിയെടുത്താൽ കൂലി ചോദിക്കേണ്ടത് അവകാശമാണെന്നും കർഷകത്തൊഴിലാളികളെ പഠിപ്പിച്ച കമ്യൂണിസ്റ്റ് ആയിരുന്നു മഠത്തിൽ പൊക്കൻ.



രാവിലെ വയലിൽ ചെങ്കൊടി ഉയർത്തുമ്പോൾ പണിക്കിറങ്ങുകയും വൈകിട്ട് ചെങ്കൊടി താഴ്ത്തി പണി അവസാനിപ്പിക്കാനുമായിരുന്നു പാർട്ടി തീരുമാനിച്ചിരുന്നത്. അത് നടപ്പിൽ വരുത്താൻ പൊക്കൻ ഉൾപ്പെടെയുള്ള സഖാക്കൾക്ക് ക്രൂര മർദ്ധനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
അവിഭക്ത നാദാപുരം ലോക്കലിൽ ചുരുക്കം ബ്രാഞ്ച് ഉണ്ടായിരുന്നതിൽ കുമ്മങ്കോട് ഭാഗത്തെ ബ്രാഞ്ച് സെക്രട്ടറിയായി ഏറെക്കാലം പൊക്കൻ പ്രവർത്തിച്ചിരുന്നു. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയപ്പെട്ടവനായി ജനഹൃദയങ്ങളിൽ ഇടം പിടിക്കുകയായിരുന്നു അദ്ദേഹം .
നാദാപുരം മേഖലയിൽ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി സമാധാനം ഭംഗം വന്ന അശാന്തി നിറഞ്ഞ കാലത്ത് കുമ്മങ്കോട് പ്രദേശത്ത് സമാധാനം നിലനിർത്താൻ മുന്നണിയിൽ ഉണ്ടായിരുന്നു.
വാർധക്യ സഹജമായ നിരവധി മാരക രോഗങ്ങൾ വേട്ടയാടുമ്പാഴും കമ്യൂണിസ്റ്റ് മൂല്യം മുറുകെ പിടിച്ച് ചുറ്റുമുള്ള കാര്യങ്ങൾ മനസിലാക്കി വേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകാനും അദ്ദേഹം ജാഗ്രത കാണിച്ചിരുന്നു.
മഠത്തിൽ പൊക്കന്റെ സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: മാതു
മക്കൾ: ബാബു, ശാന്ത, സുരേഷ്
മരുമക്കൾ : റീജ (കളക്ഷൻ ഏജന്റ് നാദാപുരം സർവീസ് സഹകരണ ബാങ്ക് കക്കം വെള്ളി ശാഖ, സി. പി. ഐ. എം പാലോറ ബ്രാഞ്ച് സെക്രട്ടറി, കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നാദാപുരം ഏരിയ കമ്മിറ്റി അംഗം ), ഗോപാലൻ ( രാഘുട്ടി , ഫ്ലവർ സ്റ്റാൾ കല്ലാച്ചി ), ഷീന പാലോറ
സഹോദരങ്ങൾ: കണ്ണൻ, കണാരൻ, കുഞ്ഞിരാമൻ, പരേതരായ , ചാത്തു,ചെക്കായി, മാത.
madathil pokkan A labor leader who held fast to communist values