നാദാപുരം: (nadapuram.truevisionnews.com) പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ നല്‍കാം. ഓഫീസില്‍നിന്ന് റിട്ടേണ്‍ ചെയ്ത അപേക്ഷകളും 20നകം നല്‍കണം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത-ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ ഉന്നതികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.



അപേക്ഷയില്‍ വിവരം നല്‍കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ), കൂടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടാകില്ല. സംശയങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് (0495 2374885), സിറ്റി റേഷനിങ് ഓഫീസ് (നോര്‍ത്ത് -0495 2374565), സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്- 0495 2374807), കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് (0496 2620253), വടകര താലൂക്ക് സപ്ലൈ ഓഫീസ് (0496 2522472), താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് (0495 2224030).
BPL card: Up to 20 applications can be made.