നാദാപുരം: (nadapuram.truevisionnews.com) മണ്ഡലത്തിലെ ഏക ഹൈടെക് സ്കൂളായ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിനെതിരെയും എസ് പി സി കേഡറ്റിൻ്റെ സി പി ഒ ആയി പ്രവർത്തിച്ചു വരുന്ന അധ്യാപകനെതിരെയും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കെ എസ് ടി എ സബ് ജില്ലാ കമ്മറ്റി വിലയിരുത്തിയതായി വാർത്താ കുറിപ്പിൽ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ മികവിൽ പഠന - കലാകായിക - ശാസ്ത്രമേളകളിൽ അസൂയാവർഹമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന വളയം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിനെ കരിവാരി തേക്കാൻ ബോധപൂർവ്വം കെട്ടിചമച്ച എസ്പിസി വിവാദത്തിന് പിന്നിൽ രാഷ്ട്രീയഗൂഢാലോചനയാണ്. വിവാദങ്ങളെ കുറിച്ച് എസ്പിസി കുട്ടികളുടെ പി ടി എ കമ്മറ്റിയും പോലീസും അന്വേഷിച്ച് യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.



കോവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിനാവശ്യമായ ഫോൺവിതരണം ചെയ്തതിലെ വൻ അഴിമതി മറച്ചുവയ്ക്കാനാണ് യുഡിഫ് അനുകൂല അധ്യാപക സംഘടന ഈ വിവാദവുമായി മുന്നോട്ട് വന്നത്.
ബഹുജന പങ്കാളിത്തത്തോടെ നടന്ന മൊബൈൽ ഫോൺ ചാലഞ്ചിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെയും ഫോൺ വാങ്ങലിൻ്റെയും ചുമതലക്കാരൻ അന്നത്തെ സ്റ്റാഫ് സെക്രട്ടറിയും പ്രമുഖ സംഘടനയുടെ സംസ്ഥാന കൗൺസിൽ അംഗവുമായ അധ്യാപകനാണ്.
പ്രസ്തുത അഴിമതി കണ്ടെത്തിയ അന്നത്തെ സ്കൂൾ പി ടി എ , രേഖാമൂലം വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയും കോഴിക്കോട് ഡിഡിഇ യുടെ നേതൃത്വത്തിൽ തെളിവെടുക്കുകയും പ്രസ്തുത അധ്യാപകനെ അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
സാമ്പത്തിക നഷ്ടം പ്രസ്തുത അധ്യാപകനിൽ നിന്ന് പിടിച്ചെടുക്കാൻ നടപടി സ്വീകരിച്ചു വരുന്ന ഘട്ടത്തിൽ അതിനെ മറയ്ക്കാനും ആരോപണ വിധേയനായ അധ്യാപകനേതാവിനെ സംരക്ഷിക്കാനുമാണ് കഴമ്പില്ലാത്ത വിവാദവുമായി യുഡിഎഫ് ഇറങ്ങി പുറപ്പെട്ടത്.
നാദാപുരം മേഖലയിലെ പൊതു വിദ്യാലയങ്ങൾ തകർത്ത് അൺ എയ്ഡഡ് ലോബികൾക്ക് വിടുപണി ചെയ്യുന്ന ഇത്തരംനിലപാട് പൊതു സമൂഹം തിരിച്ചറിയണമെന്നും കെഎസ്ടിഎ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു .
SPC controversy; Completely politically motivated - KSTA