വാണിമേൽ: [nadapuram.truevisionnews.com] വാണിമേലിലെയും പരിസരപ്രദേശങ്ങളിലെയും വൃക്കരോഗികൾക്ക് ആശ്വാസമായി ബ്രദേഴ്സ് വാണിമേൽ, വടകര തണലിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഡയാലിസിസ് സെന്റർ നാളെ നാടിന് സമർപ്പിക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വൈകുന്നേരം നാലുമണിക്കാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക് സൗജന്യവും മികച്ചതുമായ ഡയാലിസിസ് ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ പത്ത് മെഷിനുകൾ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ശിഫ ബ്രദേഴ്‌സ് പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനവും നടക്കും.
പദ്ധതിയുടെ പ്രവർത്തന ഫണ്ടിലേക്കായി ഒരു കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി പത്ത് മണി വരെ പൊതുജനങ്ങൾക്കായി ചായ സൽക്കാരം ഒരുക്കിയിട്ടുണ്ട്.

ജനകീയ പങ്കാളിത്തത്തോടെ വാങ്ങിയ ഒരേക്കർ സ്ഥലത്താണ് ഡയാലിസിസ് സെന്ററിന് പുറമെ ഫിസിയോതെറാപ്പി യൂണിറ്റ്, ഏർളി ഇന്റർവെൻഷൻ സെന്റർ, അത്യാധുനിക കളിക്കളം, റഫറൻസ് ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടെ ബ്രദേഴ്‌സ് സെന്റർ ഒരുങ്ങുന്നത്.
Free dialysis center in Vanimel










































