---
title: "കല്ലാച്ചി ടൗൺ വികസന പ്രവൃത്തി തടസ്സപ്പെടുത്തി; നിർമ്മാണ സ്ഥലത്ത് അതിക്രമമെന്ന് പരാതി"
english_title: "Kallachi Town development work disrupted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343500/kallachi-town-development-work-disrupted"
published_at: "2026-02-22T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699aa625411ff_nadapuram4.jpg"
keywords: []
---

# കല്ലാച്ചി ടൗൺ വികസന പ്രവൃത്തി തടസ്സപ്പെടുത്തി; നിർമ്മാണ സ്ഥലത്ത് അതിക്രമമെന്ന് പരാതി

> **Lead Summary:** **നാദാപുരം: [** കല്ലാച്ചിയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൗൺ വികസന പ്രവൃത്തികൾ തടസ്സപ്പെട്ടതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുക്കുന്നു. മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്നു വന്നിരുന്ന ഡ്രെയിനേജ് നിർമ്മാണ സ്ഥലത്ത് ഒരു രാഷ്ട്രീയ നേതാവ് അതിക്രമം നടത്തിയതായും നിർമ്മാണ സാമഗ്രികൾ നശിപ്പിച്ചതായും പരാതി ഉയർന്നു.

## Article Content

**നാദാപുരം: [** കല്ലാച്ചിയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൗൺ വികസന പ്രവൃത്തികൾ തടസ്സപ്പെട്ടതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുക്കുന്നു. മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്നു വന്നിരുന്ന ഡ്രെയിനേജ് നിർമ്മാണ സ്ഥലത്ത് ഒരു രാഷ്ട്രീയ നേതാവ് അതിക്രമം നടത്തിയതായും നിർമ്മാണ സാമഗ്രികൾ നശിപ്പിച്ചതായും പരാതി ഉയർന്നു.

കോൺക്രീറ്റിനായി ഒരുക്കിവെച്ചിരുന്ന ഇരുമ്പ് കമ്പികൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്തു എന്നാണ് ലഭിക്കുന്ന വിവരം. വികസന പ്രവൃത്തിക്കായി കെട്ടിടത്തിന്റെ സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

വിഷയം പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റ് കെ. മധുപ്രസാദിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. നിർമ്മാണ സ്ഥലത്ത് രാഷ്ട്രീയ പാർട്ടിയുടെ പതാകയും സ്ഥാപിച്ചിട്ടുണ്ട്.

വർഷങ്ങളായി മുടങ്ങിക്കിടന്ന കല്ലാച്ചി ടൗൺ വികസനം എല്ലാ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണ് പുനരാരംഭിച്ചിരുന്നത്. എന്നാൽ, സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാർ നിലവിൽ തൊഴിലാളികളെ പിൻവലിച്ചിരിക്കുകയാണ്.

ഇതോടെ വലിയ പ്രതീക്ഷയോടെ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. സംഭവത്തിൽ കരാർ കമ്പനി നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകപക്ഷീയമായ ഇത്തരം നടപടികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343500/kallachi-town-development-work-disrupted)