നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തിന്റെ വികസനത്തുടർച്ചയ്ക്കായി ജനപ്രിയ നേതാവ് അഡ്വ. പി. വസന്തം ഇടതുമുന്നണി സ്ഥാനാർത്ഥിയായി എത്തുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിപിഐ പുറത്തിറക്കിയ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിലാണ് നാദാപുരം സീറ്റിൽ വസന്തത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. നാദാപുരത്തിന് ഏറെ സുപരിചിതയായ അഡ്വ. പി. വസന്തം നിലവിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമാണ്.
അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് പൊതുരംഗത്തെത്തിയ വസന്തം, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. തൃശൂർ കേരള വർമ്മ കോളേജ് വൈസ് ചെയർപേഴ്സൺ, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.
തൊഴിലിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങളിലൂടെയാണ് വസന്തം കേരള രാഷ്ട്രീയത്തിൽ ഇടംപിടിച്ചത്. 1988-ൽ 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യമുയർത്തി കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നടന്ന ചരിത്രപ്രസിദ്ധമായ വനിതാ മാർച്ചിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അവർ.
മഹിളാ സംഘത്തിന്റെ വിവിധ ചുമതലകൾ വഹിച്ച വസന്തം നിലവിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗമായും ചെയർപേഴ്സണായും മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1993 മുതൽ കല്ലാച്ചിയിൽ അഭിഭാഷകയായി സേവനമനുഷ്ഠിക്കുന്ന വസന്തം നാദാപുരത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യൻ മൊകേരിയാണ് ഭർത്താവ്.
അച്യുത് വി സത്യൻ, ആർഷ വി സത്യൻ എന്നിവർ മക്കളാണ്. മണ്ഡലത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള അടുത്ത ബന്ധം വസന്തത്തിന് വലിയ മുൻതൂക്കം നൽകുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
Adv. P Vasantham to lead Nadapuram as Left Front leader-new




































