നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് വിളകളുടെ നാട് .... വീര പഴശ്ശിയുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മലനാട്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മൂന്നു പതിറ്റാണ്ട് മുമ്പ് തെക്കൻ- മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ കർഷക ജനതയുടെ കഠിനാധ്വാനവും വനവാസികളുടെ സമർപ്പണബോധവും ഒന്ന് ചേർന്നപ്പോൾ മണ്ണിൽ കനകം വിളയുന്ന .. കാർഷിക സമ്പദ്ഘടനയുടെ കേദാരഭൂമിയായി ഇവിടം മാറി.
ഇന്ന് ഇവിടെ നിന്ന് കേൾക്കാനുള്ളത് കർഷകരുടെ രോദനങ്ങൾ മാത്രം. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടു വർഷം തികയാൻ ഇനി ദിവസങ്ങൾ മാത്രം . മഞ്ഞച്ചീളിയും കുറ്റല്ലൂരും വായാട് മലയും കുത്തിയൊലിച്ച ഭീകര നാളുകൾ.. ഒരു മനുഷ്യ ജീവനും കൃഷിഭൂമി ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തു വകകൾ ഇല്ലാതായി മാറിയ സമാനതകളില്ലാത്ത പ്രകൃതി ദുരന്തം.
വിലങ്ങാട് നടക്കേണ്ട പുനരധിവാസ പ്രവർത്തനങ്ങളിലെ പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് എൻ ഡി എ സ്ഥാനാർഥി സി പി വിപിൻ ചന്ദ്രൻ വിലങ്ങാട് മേഖലയിൽ പര്യടനം നടത്തിയത്. വിലങ്ങാടിന്റെ പ്രവേശന കവാടമായ ഉരുട്ടി പാലത്തിന് ഉരുൾപൊട്ടലിൽ ഉണ്ടായ കേടുപാടുകൾ ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
നഷ്ടപരിഹാര തുക ഭാഗികമായി മാത്രമാണ് വിതരണം ചെയ്തത്. ദുരന്ത മേഖലയിൽ പലരും കുടിയിറക്ക് ഭീഷണി നേരിടുകയാണ്. കൃഷിയും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ട കർഷകർ ഉൾപ്പെടെയുള്ളവർ തീരാദുരിതത്തിലാണ്. ഉരുൾപൊട്ടലിൽ തകർന്ന പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യുന്നതിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും എംഎൽഎ തികഞ്ഞ പരാജയമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി ആരോപിക്കുന്നു.

പ്രകൃതി ദുരന്തങ്ങളോടൊപ്പം വന്യജീവിശല്യം വിലങ്ങാട്ടെ കർഷക സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. വന്യജീവികൾ ജനവാസങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുവരുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണം. വിലങ്ങാടിന്റെ സ്വപ്ന പദ്ധതിയായ വിലങ്ങാട് വയനാട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപിക്കുന്നു.
വിലങ്ങാടിന്റെ മാത്രമല്ല നാദാപുരം നിയോജകമണ്ഡലത്തിന്റെയും വടകര താലൂക്കിന്റെയും സമഗ്ര വഴി വികസനത്തിന് വഴിവെക്കുന്ന പദ്ധതിയോട് ഇരുമുന്നണികളും മുഖം തിരിഞ്ഞു നിൽക്കുകയാണ്. വിലങ്ങാട് ഉൾപ്പെടുന്ന നാദാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര മന്ത്രിസഭയിൽ ഇടം നേടിയപ്പോഴും നാദാപുരത്തെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം വനമന്ത്രിയായപ്പോഴും ചുരമില്ലാ പാതിക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
വയനാട്ടിലേക്ക് ബദൽ യാത്രാ മാർഗം തേടി കോടികൾ ചെലവിട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും താരതമ്യേനെ ചെലവ് കുറഞ്ഞതും പരിസ്ഥിതി നാശം കുറവുള്ളതുമായ വിലങ്ങാട് വയനാട് ചുരമില്ലാ പാതയ്ക്ക് വേണ്ടി ഇടതു വലതും മുന്നണികൾ ഒന്നും ചെയ്തിട്ടില്ല.
വിലങ്ങാടി നോടുള്ള ചിറ്റമ്മ നയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഏറ്റവും ഒടുവിലായി എൽഡിഎഫ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കപട വാഗ്ദാനങ്ങൾ നൽകിയെങ്കിലും പദ്ധതി നടപ്പിലാക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. പൊതു ആവശ്യങ്ങൾക്കു വേണ്ടി വനഭൂമി ഏറ്റെടുക്കുന്നതിലെ നിയമ തടസ്സങ്ങൾ കേന്ദ്ര ഗവൺമെൻറ് ഇടപെട്ട് ഭേദഗതി വരുത്തിയെങ്കിലും ഇതിന്റെ ആനുകൂല്യവും വിലങ്ങാടിന്റെ സ്വപ്ന പദ്ധതിക്ക് ലഭിച്ചിട്ടില്ല - എൻ ഡി എ സ്ഥാനാർഥി ആരോപിക്കുന്നു.
രാവിലെ അയ്യങ്കിയിൽ നിന്നും സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ പ്രചാരണം തുടങ്ങി . ഉരുട്ടി ,അടുപ്പിൽ ഉന്നതി, വിലങ്ങാട് ടൗൺ, മാടാഞ്ചേരി , കുറ്റല്ലൂർ ,വായാട് ഉന്നതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൻ ഡി എ നേതാക്കളായ കെടി കെ ചന്ദ്രൻ ,എം സി അനീഷ്, ആർ പി വിനീഷ്, അമൽരാജ്, അഖിൽ നാളോംകണ്ടി, അരുൺ ലാൽ, ബാലൻ മാമ്പറ്റ, അനീഷ് മാത്യു, ജയൻ കുറ്റല്ലൂർ, രജനീഷ് സി എച്ച്, സുരേഷ് വിലങ്ങാട്, ശ്രീ സൺ പി കെ , ഷിബിൻ വിലങ്ങാട് എന്നിവരും ഒപ്പമുണ്ടായിരുന്നു
Vilangad has been ignored NDA says both fronts have done nothing to make the pass-free road a reality

































