May 14, 2026 12:38 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ഗൾഫിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വീട് കയറി ആക്രമണം. കക്കംവള്ളി സ്വദേശിയായ കച്ചേരിക്കുനി നാണുവിന്റെ മകൻ ബിജേഷിന്റെ വീട്ടിലാണ് നാലംഗ സംഘം അതിക്രമിച്ചു കയറി ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 3.10-ഓടെയായിരുന്നു സംഭവം. മാരാംവീട്ടിൽ ഭാസ്കരൻ, മകൻ ആദർശ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞു.

ഗൾഫിലെ പണമിടപാടുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. ഇരുമ്പ് വടിയും പട്ടികയുമായെത്തിയ പ്രതികൾ ബിജേഷിനെ മാരകമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച ബിജേഷിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെയും സംഘം ആക്രമണം നടത്തി.

ഭാര്യാമാതാവിനെയും ഭാര്യയെയും കൈ കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിച്ചതായും പരാതിയിൽ പറയുന്നു. ബിജേഷിന്റെ ഗർഭിണിയായ ഭാര്യയെ വയറ്റിലുള്ള കുട്ടിയടക്കം കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റ ബിജേഷും കുടുംബവും ചികിത്സ തേടി. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി നാല് പ്രതികൾക്കെതിരെയും നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Brutal attack on house in Nadapuram

Next TV

Top Stories










News Roundup






GCC News