പുറമേരി: (truevisionnews.com) സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ അപകടാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും നിത്യേന ആശ്രയിക്കുന്ന ഈ പാത അതീവ ശോച്യാവസ്ഥയിലായിട്ടും നടപടിയുണ്ടാകാത്തത് വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവത്തിനെതിരെ എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിൽ വാർഡ് മെമ്പർ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്.ഡി.പി.ഐ നേതാവ് ഷാജഹാൻ പി.ടി.കെ ആരോപിച്ചു.
നിരവധി തവണ പരാതികൾ നൽകിയിട്ടും അവഗണിക്കുന്ന സമീപനമാണ് ജനപ്രതിനിധിയിൽ നിന്നുണ്ടാകുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തപ്പെട്ടവർ തന്നെ പരാതികളെ പുച്ഛിച്ചു തള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഞ്ചു വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം സമീപനങ്ങൾ അവസാനിപ്പിച്ച്, നടപ്പാതയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെയും രാഷ്ട്രീയ സംഘടനകളുടെയും തീരുമാനം. പ്രദേശത്തെ പ്രധാന യാത്രാമാർഗ്ഗമായ ഈ പാതയുടെ തകർച്ച മഴക്കാലം തുടങ്ങുന്നതോടെ കൂടുതൽ അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
SDPI protests the poor condition of the Pulikool Bridge - Kakkamvelli footpath



































