നാദാപുരം: (nadapuram.truevisionnews.com) കടമേരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെയും മകളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.
കടമേരി സ്വദേശി പറമ്പത്ത് ഫഹദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. ആക്രമണത്തിൽ കടമേരി പറമ്പത്ത് വീട്ടിൽ കുഞ്ഞായിഷ (60), മകൾ ഫസ്‌ലത്ത് എന്നിവർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രതിയായ ഫഹദിന്റെ ഭാര്യയെ പരാതിക്കാരി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാരോപിച്ചുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
വീടിന്റെ ലിവിംഗ് ഹാളിൽ അതിക്രമിച്ചുകയറിയ പ്രതി, വയോധികയായ കുഞ്ഞായിഷയെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും കൈ പിടിച്ചുതിരിക്കുകയും ചെയ്തു. അക്രമത്തിൽ കുഞ്ഞായിഷയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.

ഉമ്മയെ മർദ്ദിക്കുന്നത് തടയാൻ എത്തിയ മകൾ ഫസ്‌ലത്തിനെയും പ്രതി ക്രൂരമായി ഉപദ്രവിച്ചു. മുഖത്തും ശരീരത്തിലും അടിയേറ്റ ഫസ്‌ലത്തിനെ പ്രതി പിടിച്ചുതള്ളിയതിനെ തുടർന്ന് തല സ്റ്റെയർകേസിൽ ഇടിക്കുകയും വലിയ മുറിവേൽക്കുകയും ചെയ്തു.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Housebreaking and assault in Kadameri

































