Jun 13, 2026 11:32 AM

#Latest News #Thooneri #Auto Driver Lijesh #Hedgehog Attack

തൂണേരി: (nadapuram.truevisionnews.com) ഓട്ടോറിക്ഷയ്ക്ക് കുറുകെ മുള്ളൻപന്നി ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട കൈതച്ചാൽ ലിജേഷ് കുമാറിന്റെ കുടുംബത്തെ സഹായിക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങേകാൻ തീരുമാനമായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ബന്ധുവീട് സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് ഓട്ടോറിക്ഷയ്ക്ക് കുറുകെ പെട്ടെന്ന് ഒരു മുള്ളൻപന്നി ചാടുകയായിരുന്നു. മൃഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ലിജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിജേഷിന്റെ ഭാര്യ സൗമ്യയ്ക്കും പരിക്കേറ്റിരുന്നു, അവർ ചികിത്സയിലാണ്.

പ്രായമായ മാതാപിതാക്കളും ഭാര്യയും ചെറിയ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജേഷ് കുമാർ. അദ്ദേഹത്തിന്റെ വിയോഗത്തോടെ കുടുംബം തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ ധനസഹായം ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയ്ക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. കൂടാതെ, സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂരിനെ പ്രസിഡന്റായും ടി. സുധീറിനെ കൺവീനറായും കർമ്മസമിതിക്കും രൂപം നൽകി.

എം.പി. കുഞ്ഞിരാമൻ, കെ.കെ. ലതിക, വി.എം. ചന്ദ്രൻ, കെ.കെ. സുരേഷ്, കെ.ടി. രാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Content Highlight: Karma Samithi to help Lijesh's family

#Latest News #Thooneri #Auto Driver Lijesh #Hedgehog Attack

Next TV

Top Stories










News Roundup






GCC News






Entertainment News