#Latest News #Purameri #Accident
പുറമേരി: (nadapuram.truevisionnews.com) സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന മധ്യവയസ്കനെ അശ്രദ്ധമായി ഓടിച്ചു വന്ന മോട്ടോർ സൈക്കിൾ ഇടിച്ച് പരിക്ക് പറ്റിയ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.
പുറമേരി സ്വദേശിയായ തൊടുവയിൽ രവീന്ദ്രനാണ് (60) അപകടം സംഭവിച്ചത് . ജൂൺ എട്ടിന് രാവിലെ 10.45-ഓടെ പുറമേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ റോഡിലാണ് അപകടം നടന്നത്.
വീട്ടിൽ നിന്നും പുറമേരിയിലേക്ക് നടന്നു പോകുന്നതിനിടെ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു രവീന്ദ്രൻ. ഈ സമയം കുനിങ്ങാട് ഭാഗത്തു നിന്നും അമിതവേഗതയിലും അശ്രദ്ധമായും എത്തിയ KL18AE5295 നമ്പർ മോട്ടോർ സൈക്കിൾ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രവീന്ദ്രന്റെ വലത് കൈയിലെ എല്ല് പൊട്ടുകയും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് മോട്ടോർ സൈക്കിൾ ഡ്രൈവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
Content Highlight: Elderly man injured after being hit by bike outside













































