Jun 21, 2026 08:28 PM

#Latest News #Nadapuram #Food Safety Department #Kallachi Hotel Inspection

കല്ലാച്ചി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി.

പരിശോധനയിൽ കണ്ട പല കാഴ്ചകളും ഞെട്ടിക്കുന്നതാണെന്ന് അസിസ്റ്റൻറ് ഫുഡ് കമ്മീഷണർ ഡോ. അനുശ്രീ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പരിശോധന നടത്തിയ ഒരു സ്ഥാപനത്തിൽ ഈച്ചകളുടെ വലിയ സാന്നിധ്യമാണ് കണ്ടെത്തിയത്. മഴക്കാലമായതുകൊണ്ടാണ് ഈച്ചകൾ പെരുകിയതെന്ന കച്ചവടക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും, കൃത്യമായ പെസ്റ്റ് മാനേജ്മെന്റ് രീതികൾ അവലംബിച്ചില്ലെങ്കിൽ കടകൾ പൂട്ടിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


ചില ഹോട്ടലുകളിൽ പാകം ചെയ്ത ചിക്കനിൽ ശരീരത്തിന് ഹാനികരമായ സിന്തറ്റിക് നിറങ്ങൾ അമിതമായി ചേർത്തതായും കണ്ടെത്തി. മസാലയാണോ പെയിന്റ് ഷേഡ് കാർഡാണോ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഭക്ഷണത്തിലെ കൃത്രിമ നിറങ്ങൾ. ഇതിനൊപ്പം തന്നെ പലതവണ ചൂടാക്കി ഉപയോഗിച്ച എണ്ണയും പിടിച്ചെടുത്തു.

ഈ സിന്തറ്റിക് നിറങ്ങൾ കലർന്ന ഭക്ഷണം വീണ്ടും വീണ്ടും ഒരേ എണ്ണയിൽ പൊരിച്ചെടുത്തതോടെ എണ്ണയുടെ നിറം ചുവന്ന പെയിന്റ് കലക്കിയത് പോലെ മാറിയ അവസ്ഥയിലായിരുന്നു.

−18°C താപനിലയിൽ സൂക്ഷിക്കേണ്ട ഫ്രോസൺ ചിക്കൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും, കാലാവധി (Expiry Date) കഴിഞ്ഞ ശേഷവും വിൽപനയ്ക്കായി വെച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ കണ്ടെത്തിയ 36 കിലോഗ്രാം ഫ്രോസൺ ചിക്കൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.

ന്യൂനതകൾ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കച്ചവടക്കാർ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്നും അസിസ്റ്റൻറ് ഫുഡ് കമ്മീഷണർ അറിയിച്ചു.

പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

Content Highlight: The Food Safety Department conducted an inspection of restaurants in Kallachi and surrounding areas in Nadapuram constituency and found serious violations

#Latest News #Nadapuram #Food Safety Department #Kallachi Hotel Inspection

Next TV

Top Stories










News Roundup