#Latest News #Nadapuram #MDMA #Drug Seizure #Purameri
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം-വടകര സംസ്ഥാനപാതയിൽ പുറമേരിയിൽ പെട്രോൾ പമ്പിന് എതിർവശത്ത് സംശയാസ്പദമായി നിന്ന യുവാവിന്റെ കൈവശം നിന്ന് മരക രാസ ലഹരി വസ്തുവായ MDMA പിടികൂടി. ഒഞ്ചിയം ചെറിയത്ത് സ്വദേശി കെ. കെ ആരിഫ് (42) യെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8.42 മണിയോടെയാണ് സംഭവം. നാദാപുരം പോലീസ് സ്റ്റേഷനിലെ ASI ഹംസ റാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം KL 01 CH 8153 നമ്പർ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. ഓർക്കാട്ടേരി ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന ആരിഫ് ലുങ്കിയും ഷർട്ടും ധരിച്ച് പുറമേരി ഭാരത് പെട്രോൾ പമ്പിന് എതിർവശത്തെ റോഡരികിൽ നിൽക്കുകയായിരുന്നു.
പോലീസ് വാഹനം കണ്ടയുടൻ സ്ഥലം വിടാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. തൃപ്തികരമായ മറുപടി നൽകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം നിന്ന് 8220 രൂപയും ഒരു ചെറിയ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച ക്രിസ്റ്റൽ രൂപത്തിലുള്ള പദാർത്ഥവും കണ്ടെടുത്തു. സ്ഥലത്തെത്തിച്ച ഇൻവെസ്റ്റിഗേഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അത് MDMA ആണെന്ന് സ്ഥിരീകരിച്ചു.
സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ തൂക്കത്തിൽ 0.28 ഗ്രാം MDMA യാണ് കണ്ടെത്തിയത്. ഇത് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചതാണെന്ന് ആരിഫ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ BNSS 35(3) പ്രകാരം നോട്ടീസ് നൽകിയ പോലീസ്, കണ്ടെടുത്ത MDMA, പണം, സിപ്പ് ലോക്ക് കവറുകൾ എന്നിവ സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു.


ഈ മേഖലയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കർശന പരിശോധന തുടരുമെന്ന് നാദാപുരം പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Content Highlight: Nadapuram Police Arrest Man With MDMA Near Petrol Pump purameri







































