#Latest News #Vilangad River #Nigam Kumar #Missing #Fire Force #Nadapuram
നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരൻ നിഗം കുമാറിനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെടുന്നത്.
ഞായറാഴ്ച രാവിലെ ആറ് മണി മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന്, വിലങ്ങാട്ടുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ മുങ്ങി പരിശോധനയും നടത്തി.
പുഴയുടെ തുടക്കഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻപ് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.
സ്ഥലത്തെത്തിയ വടകര തഹസിൽദാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലും കെ.എം. അഭിജിത്ത് എം.എൽ.എയുടെ സാന്നിധ്യത്തിലും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതൽ കൂടുതൽ സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തി മേഖലയിൽ തിരച്ചിൽ വീണ്ടും ഊർജിതമാക്കിയിട്ടുണ്ട്.
Content Highlight: Search Continues for Nigam Kumar Missing in Vilangad River Kerala
#Latest News #Vilangad River #Nigam Kumar #Missing #Fire Force #Nadapuram






































