നാദാപുരം: (nadapuram.truevisionnews.com) നാദാപുരം: നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് മുന്നിൽ സമരം നടത്തി ജീവനക്കാരുടെ മനോവീര്യം കെടുത്തരുതെന്നും ഡി വൈ എഫ് ഐ സമരം അനാവശ്യമെന്നും യൂത്ത്ലീഗ്.
നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തി എന്ന വ്യാജ വാർത്ത സി പി എം കേന്ദ്രങ്ങളിൽ നിന്ന് പ്രചരിപ്പിച്ചു വരുന്നു.
കഴിഞ്ഞ മാസം മുപ്പതിന് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന രോഗികൾ ചികിത്സ പൂർത്തീകരിച്ചു ഉച്ചയോടെ ഡിസ്ചാർജ് ആവുകയും അഡ്മിഷൻ ആവശ്യമായ രോഗികൾ ഒന്നും തന്നെ അന്നേ ദിവസം എത്താതിരിക്കുകയും ചെയ്തതിനാൽ ഒരു ദിവസം മാത്രം IPരോഗികൾ ഇല്ലാത്തതിനെ അഡ്മിഷൻ പൂർണമായും നിർത്തിയെന്ന വ്യാജ പ്രചരണം നടത്തി പൊതു മധ്യത്തിൽ ആശുപത്രിയെയും ജീവനക്കാരെയും താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് കെഎം ഹംസ, ജനറൽസെക്രട്ടറി ഇ ഹാരിസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
യൂത്ത് പ്രതിനിധി സംഘം ആശുപത്രി സന്ദർശിച്ചപ്പോൾ നിലവിൽ 12 രോഗികൾ കിടത്തി ചികിത്സയിൽ തുടരുന്നത് കാണാനിടയായി.
ശരിയായ വസ്തുത ഒന്നും തന്നെ പരിശോധിക്കാതെ, ഗൂഡ ഉദ്ദേശ്യത്തോടെ ആശുപത്രിയിൽ സേവനങ്ങൾ നിർത്തി വെച്ചു എന്ന വ്യാജ പ്രചാരണം നടത്തുന്നത് ആശുപത്രി നടത്തിപ്പ് ചുമതലയുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ്.
ഇതിന് ചൂട്ട് പിടിക്കാൻ ഡി വൈ എഫ് ഐ രംഗത്തിറങ്ങിയത് നീതീകരിക്കാൻ കഴിയില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
ആശുപത്രിയിൽ, നിയമവിരുദ്ധവും, സ്വജന പക്ഷപാതപരവുമായ പല താൽപര്യങ്ങളും നടത്താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സാധിക്കാത്തതിനാൽ വ്യാജ പ്രചാരണം നടത്തി ആശുപത്രി അധികൃതരെയും, ജീവനക്കാരെയും താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ ആശുപത്രിയുടെ തകർച്ചക്ക് വഴിവെക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
നിയമ വിരുദ്ധമായി, യോഗ്യതയില്ലാത്ത സെക്യുരിറ്റി ജീവനക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുക,ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന വേണ്ടപെട്ടവർക്ക് മാത്രം വേതനം കൂട്ടി കൊടുക്കാനും, അതെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വേതനം കൂട്ടി കൊടുക്കാതിരിക്കാനുമുള്ള ഇടപെടലുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും, ഇതൊന്നും ആശുപത്രിയിൽ നടപ്പിലാക്കാൻ സാധിക്കാത്തതിനാൽ മൂന്നാഴ്ചയിലേറെ താൽക്കാലിക ജീവനക്കാരുടെ വേതനം തടഞ്ഞു വെച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരോട് പക തീർത്തത്.
കിടത്തി ചികിത്സക്ക് ഏറ്റവും അനിവാര്യമായ ജനറൽ മെഡിസിൻ ഡോക്ടർ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നത് മാസങ്ങളായി. ഗൈനഗോളജിസ്റ്റ് അത്യാഹിത വിഭാഗം ഡോക്ടർ എന്നിവരുടെ പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്.
ഈവനിംഗ് ഒ പി തുടങ്ങണമെന്ന് യൂത്ത് ലീഗ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തയ്യാറായിട്ടില്ല.
ആരോഗ്യ മന്ത്രി തന്നെ ആശുപത്രിയിൽ എത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും ഒഴിവ് നികത്തുമെന്നും ഉറപ്പ് നൽകിയിട്ടും ഭരിക്കുന്ന പാർട്ടി തുടർ നടപടി സ്വീകരിക്കാതെ ഐപി സേവനം നിർത്തി എന്ന വ്യാജ പ്രചാരണം നടത്തി സെൽഫ് ഗോൾ അടിക്കുന്ന രംഗമാണ് നാദാപുരം ആശുപത്രിയിൽ കാണുന്നത്.
ഡോക്ടർമാരും, മറ്റു ആരോഗ്യ പ്രവർത്തകരും നാദാപുരം ആശുപത്രി എന്ന് കേൾക്കുമ്പോൾ ഇവിടേക്ക് വരാൻ താല്പര്യപ്പെടാത്തത്തിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളും,നിയമ വിരുദ്ധവും, സ്വജനപക്ഷപാതപരവുമായ രാഷ്ട്രീയ ഇടപെടലുകളുമാണ്.
ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ വേണ്ട യാതൊരു ഇടപെടലും നടത്താതെ, സ്വന്തം കഴിവ് കേടു മറയ്ക്കാൻ ജീവനക്കാരുടെ തലയിൽ പഴി ചാരുന്ന രീതി തുടർന്നാൽ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ നാദാപുരം ഗവ താലൂക്ക് ആശുപത്രി അടച്ചിടേണ്ട സാഹചര്യം സ്രിഷ്ടിക്കപ്പെടുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
#DYFI #strike #front #Nadapuram #Govt #Taluk #Hospital #unnecessary #YouthLeague