നാദാപുരം: (nadapuram.truevisionnews.com) ചെക്യാട്, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 13 ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും.

പാറക്കടവിലെ പഞ്ചായത്ത് മിനി കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ചെക്യാട് പഞ്ചായത്ത് തല ഉദ്ഘാടനം. പരിപാടിയിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണവും ജൈവ ജീവാണു കീടനാശിനി വിതരണവും മുതിർന്ന കർഷകരെ ആദരിക്കുന്നുമുണ്ട്.
നാദാപുരം ഗ്രാമപഞ്ചായത്ത് തല കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഡിറ്ററിയത്തിൽ വച്ചാണ് നടക്കുന്നത്. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ത്രിവത്സര പദ്ധതിയാണ് കേരഗ്രാമം.
നാളീകേരത്തിന്റെ ഉൽപാദനവും തെങ്ങിന്റെ ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കുക വഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
രോഗം വന്നതും പ്രായം ചെന്നതുമായ തെങ്ങുകൾ വെട്ടി മാറ്റി പുതിയ തെങ്ങുകൾ നടുക, ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ലഭ്യമാക്കുക, തെങ്ങിൻ തോപ്പുകളിൽ മെച്ചപ്പെട്ട കാർഷിക പരിപാലനം, ഇടവിളകൃഷി, സമഗ്രകൃഷി, സംയോജിത കീട-രോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, മെച്ചപ്പെട്ട ജല സേചന സൗകര്യം ഒരുക്കൽ, മൂല്യവർദ്ധിത ഉൽപ്പന്ന ങ്ങളുടെ പ്രോത്സാഹനം തുടങ്ങി വൈവിധ്യമാർന്ന ഇടപെടലുകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
#Kera #Grama #project #Inauguration #Chekyad #Nadapuram #Panchayath #tomorrow