നാദാപുരം: (nadapuram.truevisionnews.com) നാദാപുരം -തലശ്ശേരി റോഡില്‍ വീണ്ടും പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. സംസ്ഥാന പാത തകര്‍ന്ന് വലിയ ഗര്‍ത്തവും രൂപപ്പെട്ടു.

ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടി വലിയ കുഴി രൂപപ്പെട്ടത്. ഇത് വാഹന ഗതാഗതത്തിന് വലിയ തടസ്സമായി. ഇതോടെ തൂണേരി പഞ്ചായത്തിലും നാദാപുരം പഞ്ചായത്തിലെ കക്കംവെള്ളി ഭാഗത്തും കുടിവെള്ള വിതരണം മുടങ്ങി.
ശക്തമായ ചൂടില്‍ ജലാശയങ്ങള്‍ വറ്റി വരണ്ട സമയത്താണ് കുടിവെള്ളം കിട്ടാതായത്. ഇടയ്ക്കിടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടുന്ന മേഖലയണിത്. പൈപ്പിന്റെ ഗുണമേന്മ കുറവും വാഹനങ്ങള്‍ പോകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കടുത്ത സമ്മര്‍ദവുമാണ് പൈപ്പ് പൊട്ടന്‍ കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
നാദാപുരം മുതല്‍ തൂണേരി വരെ നിലവിലെ പൈപ്പ് മാറ്റാന്‍ നിര്‍ദ്ദേശം പോയതാണെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വേനലിലും കുടിവെള്ളം കിട്ടാതെ ആകുമോയെന്ന ആശങ്കയിലാണ് തൂണേരി മേഖലയിലുള്ളവര്‍.
#Pipe #burst #water #supply #disrupted #Thooneri #Nadapuram