വളയം: (nadapuram.truevisionnews.com) ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുന്നിലെ താഴ്‌വരയിലും പരിസരത്തുമായി 300 ൽ പരം കുടുംബങ്ങൾ താമസിക്കുണ്ട്.

ഈ കുന്ന് വർഷങ്ങൾക്ക് മുമ്പ് ഉരുൾ പൊട്ടലിന് വിധേയമായിട്ടുണ്ട്. ഓരോ വർഷകാലത്തും ചെറുകിട കുന്നിടിച്ചിലുകൾ ഇവിടെ സംഭവിക്കാറുണ്ട്. മാത്രവുമല്ല, ഇവിടങ്ങളിൽ താമസമാക്കിയ കുടുംബങ്ങൾ കുഴി എടുക്കുമ്പോൾ ഭൂമിക്കടിയിൽ വലിയ ഗർത്തങ്ങൾ കാണപ്പെടാറുണ്ട്. ഈ അവസ്ഥ നിലനിൽക്കുന്ന കുന്നിന്റെ നെറുകയിലാണ് ഖനനത്തിന് അനുമതി നൽകിയത്.
പാരിസ്ഥിതിക ആഘാതം പഠിക്കാതെയും കുന്നിന്റെ ദുർബലാവസ്ഥ മനസിലാക്കാതെയുമാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവ് നൽകിയത്. ആയതിനാൽ ജില്ലാ ഭരണാധികാരികൾ പൊതുജനതാൽപര്യം മുൻ നിർത്തി കുന്നും പരിസരവും നേരിട്ട് സന്ദർശിച്ച് ഖനനം നിർത്തിവെക്കാൻ ഉത്തരവ് ഇറക്കുകയും കുന്നിന്റെ ദുർബലാവസ്ഥ മനസിലാക്കാൻ ശാസ്ത്രീയ പഠനത്തിന് ഉത്തരവ് ഇടുകയും വേണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പണമെറിഞ്ഞും ചില ഉദ്യോഗസ്ഥരെ വിലയ്ക്കെടുത്ത് റിപ്പോർട്ട് എഴുതിപ്പിച്ചും നേടിയ ഈ ഉത്തരവ് കാണിച്ച് ഖനനം നടത്താൻ കുന്നിലേക്ക് വന്നാൽ പൊതുജനത്തിന് നിയമം ലഘിക്കേണ്ടതായി വരും.
ചെങ്കൽ ഖനനം മാത്രം എന്ന പിടിവാശിയിൽ നിന്ന് പിന്മാറി പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത ഏത് ബദൽ പ്രൊജക്ടുമായി കുന്നിലേക്ക് വരുന്നതിനു പൊതുജനം എതിര് നിൽക്കില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കെ.പി.കുമാരൻ, പാറയിടുക്കിൽ കുമാരൻ, പുത്തോളി കുമാരൻ, കെ.പി.നാണു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#Permission #granted #red #stone #mining #Irannalad #hill #Corruption #should #investigated #Action #Committee