എടച്ചേരി: ഗ്രാമീണ റോഡുകൾ ഏറെ ഉണ്ടായിട്ടും യാത്രാ ദുരിതം അനുഭവിക്കുന്ന എടച്ചേരി പഞ്ചായത്തിലും കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ഗതാഗതസൗകര്യ വികസന ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പായത് .
ഒരു പഞ്ചായത്തിലെ സഞ്ചാരയോഗ്യമായ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടികൾ സർവ്വീസ് നടത്തുക. ആദ്യമായാണ് ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സർവീസ് നടപ്പാക്കുന്നത് എന്നത് പദ്ധതിയുടെ പ്രേത്യേകതയാണ്.
ഗ്രാമീണ മേഖലയിൽ കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തുന്നത് ഗ്രാമീണ ഗതാഗത വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഈ പദ്ധതിക്കായി സ്പോൺസർ ചെയ്യാനാകും.
ഉത്സവങ്ങള്‍, മറ്റ് വാർഷിക ആഘോഷങ്ങൾ, കമ്പനികള്‍ നടത്തുന്നവർ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോൺസർ ചെയ്യാനാകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യം ഉൾപ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്.
പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പദ്ധതിക്ക് തുടക്കമായത് . നിലവിലെ സാഹചര്യത്തിൽ കൂടുതൽ ബസുകൾ ലാഭകരമല്ലാതെ സർവ്വീസ് നടത്താനാകാത്ത സ്ഥിതിയാണ്. പല ഉൾപ്രദേശങ്ങളിലും ബസ് സർവ്വീന്റെ അപര്യാപത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത് .
സർവ്വീസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർപാർടുസുകൾ, ഇൻഷ്വറൻസ് എന്നിവയുടെ ചിലവ് കെഎസ്ആർടിസിയും വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ, തലസ്ഥാന ജില്ലയിലെ ഏതാനും പഞ്ചായത്തുകൾ, കൂടാതെ ആഴ്ചകൾക്ക് മുമ്പ് സമീപ പഞ്ചായത്തായ നാദാപുരത്തും പദ്ധതി ആവിഷ്കരിച്ചു ആഘോഷപൂർവ്വം നടപ്പിലാക്കി. ഈ വർഷത്തെ അധ്യായന വർഷം ആരംഭിച്ചതോടെ എടച്ചേരി പഞ്ചായത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വാഹനത്തിനായി നെട്ടോട്ടത്തിലാണ്.
ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ, എടച്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും സുപ്രധാനമായ വിദ്യാലയമാണ്. കൂടാതെ തൊട്ടടുത്ത തന്നെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ എൻ.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ പെരിങ്ങത്തൂരുമുണ്ട്. കണ്ണൂർ കോഴിക്കോട് അതിർത്തിയായ പെരിങ്ങത്തൂർ പാലം മുതൽ, എടച്ചേരി ടൗൺ തലായി നരിക്കുന്ന് യു.പി സ്കൂൾ, ആലിശ്ശേരി, ഉൾപ്പെടെ ഗ്രാമപഞ്ചായത്തിന്റെ അഷ്ടദിക്കുകളിലേക്കും ഗതാഗത സംവിധാനം എത്തേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ എടച്ചേരി ഗ്രാമപഞ്ചായത്തിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സേവനം തുടങ്ങണമെന്നാണ് നാടിൻ്റെ ആവശ്യം. നേരത്തെ അക്ഷീണപ്രയത്നത്തിന്റെ ഒടുവിലാണ് നാദാപുരം ഗ്രാമപഞ്ചായത്തിന് കെഎസ്ആർടിസി ഗ്രാമ വണ്ടി അനുവദിച്ചു കിട്ടിയത്.
ഇക്കാര്യത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് ഉണർന്ന് പ്രവർത്തിച്ചുകൊണ്ട് ഇതിനായുള്ള പരിശ്രമം ആരംഭിക്കണമെന്നാണ് യാത്രക്കാരുടെയും, നാട്ടുകാരുടെയും ആവശ്യം.
The demand for a village car in Edachery is growing stronger