നാദാപുരം : " നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ! നീയങ്ങു മാറിക്കിട ശഠാ! ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നിനക്കെടാ! തോന്നുവാനെന്തെടാ സംഗതി? നാട്ടിൽ പ്രഭുക്കളെക്കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങു നീ " നിറഞ്ഞ സദസ്സിൽ കലാമണ്ഡലം മഹേന്ദ്രൻ ഓട്ടൻ തുള്ളൽ ( കല്യാണ സൗഗന്ധികം വനപർവ്വം ) നിറഞ്ഞാടി.

കഥാ സന്ദർഭങ്ങളിൽ ആക്ഷേപ ഹാസ്യം മേമ്പൊടിക്ക് ചേർത്തും കാണികളെ ചേർത്ത് പിടിച്ചും പരിഹസിച്ചും കുറ്റിപ്രം പാറയിൽ ക്ഷേത്രത്തിൽ എത്തിയ കലാ ആസ്വാദകർക്ക് വേറിട്ട അനുഭവം തീർക്കുകയായിരുന്നു. ക്ഷേത്രം നവീകരണ കലശത്തിൻ്റെ ഭാഗമായി അഞ്ച് ദിനങ്ങളിലായി കലാ സാംസ്കാരിക പരിപാടികൾ നടന്ന് വരികയായിരുന്നു.
അവസാന ദിനത്തിലെ അവസാന പരിപാടി കാണികളെ ആസ്വാദനത്തിന്റെ പരകോടിയിൽ എത്തിക്കുകയായിരുന്നു. ശിഷ്യൻ്റെ കലാസമർപ്പണം സമാപിച്ചപ്പോൾ ക്ഷേത്രം മാതൃ സമിതി പ്രസിഡൻ്റ് കൂടിയായ ലത ടീച്ചർക്ക് അഭിമാന നിമിഷം. കൂത്തുപറമ്പിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയായി ജോലി ചെയ്യുകയുമ്പോഴാണ് ലത ടീച്ചർ മഹേന്ദ്രന് അറിവിൻ്റെ വെളിച്ചം പകർന്ന് നൽകിയത്.
പഴയ പ്രീഡിഗ്രിക്കാരനിൽ നിന്നും മഹേന്ദ്രൻ കേരളം അറിയപ്പെടുന്ന ഓട്ടൻ തുള്ളൽ കലാകാരനായി മാറി. അഖില കൈരളീ തുള്ളൽ കലാകര സംഘടന സംസസ്ഥാന പ്രസിഡൻ്റ്, ക്ഷേത്ര കലാ അക്കാദമി കമ്മിറ്റി (ദേവസ്വം ബോർഡ്) എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
കേരള കലാമണ്ഡലം പുരസ്കാരം , ഗുരുശ്രേഷ്ഠ , കലാചാര്യ, ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മഹേന്ദ്രനെ തേടി എത്തിയിട്ടുണ്ട്. കൂത്തുപറമ്പ് മലയാള കലാനിലയം ഡയരക്ടർ കൂടിയാണ്. വിദേശ രാജ്യങ്ങൾ ഉൾപ്പെടെ 2000 ത്തലധികം വേദികളിൽ തുള്ളൽ കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്.
നിഖിൽ മലയാലപ്പുഴയാണ് ഓട്ടൻ തുള്ളലിന് പിൻപാട്ട് പാടിയത്. മൃദംഗം - കലാമണ്ഡലം അനുജ് മഹേന്ദ്രൻ , ഇടയ്ക്ക - സുഭാഷ് കലാമണ്ഡലം , അണിയറ - ജിജീഷ് കൊളുത്തു പറമ്പ്
#Proud #moment #Latha #teacher #Beloved #student #dances #front #Parayil temple