വളയം : [nadapuram.truevisionnews.com] സാങ്കേതിക വിദ്യ അനുദിനം മാറുന്ന ഡിജിറ്റൽ യുഗത്തിൽ തൊഴിൽ നേടുക മാത്രമല്ല തൊഴിൽ ദാതാക്കളായി മാറാൻ സ്ത്രീകൾക്ക് കഴിയണമെന്നും ഇതിനായി സംസ്ഥാന വനിത വികസന കോർപ്പറേഷൻ്റെ പൂർണ പിന്തുണയുമുണ്ടാകണമെന്നും കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ടീച്ചർ പറഞ്ഞു.
വളയം ഗ്രാമപഞ്ചായത്തിൽ വനിത സ്വയം തൊഴിൽ ബോധവൽക്കരണ ക്യാമ്പും വായ്പ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
അർഹമായ വായ്പ പോലും നിഷേധിച്ച് കേന്ദ്രസർക്കാർ കേരളത്തിൻ്റെ കഴുത്ത് ഞെരിക്കുമ്പോൾ വനിതകളുടെ ക്ഷേമത്തിന് സംസ്ഥാന സർക്കാർ പണം ചിലവഴിക്കുന്നതിന് ഒരു പിഴവും കാണിക്കുന്നില്ലെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു. സ്ത്രീകളും പുരുഷനും ജോലി ചെയ്യണം.
ഒരാൾ ജോലി ചെയ്യുന്നത് മറ്റേയാൾ ചിലവഴിക്കുന്ന തരത്തിലാകരുത്. രണ്ട് ചിറകുകളും ഒരേ പോലെ അടിച്ച് ഉയർന്ന് പറക്കണം. അടുക്കളകൾ പോലും സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന സൗകര്യങ്ങൾ ഉള്ള കാലത്ത് സ്ത്രീകൾ സ്വയം പര്യപ്തരാകണമെന്നും കാലഘട്ടത്തിനി അനുസരിച്ച് മാറാൻ സാധ്യമകണമെന്നും വിദ്യാസമ്പത്തരായ സ്ത്രീകൾ ഒരിക്കലും വെറുതെ ഇരിക്കരുതെന്നും അവർ പറഞ്ഞു.

സ്വയം വളരാൻ നമ്മൾ പഠിച്ചാൽ ഒരു ട്രമ്പിനും നമ്മളെ തോല്പിക്കാനാകില്ലെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു. ഇരുന്നൂറിൽ പരം സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ അവരിൽ ഒരാളായിൽ ഹൃദയം കൊണ്ടാണ് ടീച്ചർ സംസാരിച്ചത്.
വളയത്ത് മൂന്ന് കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും ഇതിൻ്റെ ആദ്യഘട്ടമായി ഒരു കോടി രൂപയുടെ വായ്പ വിതരണവും ചെയർപേഴ്സൺ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത അധ്യക്ഷയായി.
വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ദിവാകരൻ,സി ഡി എസ് മെമ്പർ സെക്രട്ടറി രാജീവൻ പുനത്തിൽ എന്നിവർ സംസാരിച്ചു. തൂണേരി ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ഷാജി എം സ്വയം തൊഴിൽ ബോധവത്ക്കരണ ക്ലാസെടുത്തു.
വളയം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ എ.കെ ബിന്ദു സ്വാഗതവും വനിതാ വികസന കോർപ്പറേഷൻ മേഖലാ മാനേജർ ഫൈസൽ മുനീർ കെ നന്ദിയും പറഞ്ഞു.
Women should become employers - K.C. Rosakutty teacher










































