നാദാപുരം:( https://nadapuram.truevisionnews.com/) മയ്യന്നൂർ ശ്രീ തട്ടാറത്ത് കണ്ടടാകർണ്ണൻ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം മാർച്ച് 9 മുതൽ 11 വരെയാണ് നടക്കുന്നത്. ഉത്സവത്തിന്റെ ആദ്യദിനമായ മാർച്ച് 9 തിങ്കളാഴ്ച രാവിലെ 5 മണിക്ക് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കുകയും ഉച്ചയ്ക്ക് 2 മണി മുതൽ അന്നദാനം നടത്തുകയും ചെയ്യും. വൈകുന്നേരം നടതുറന്ന് കലശം വെക്കുന്നതിനോടൊപ്പം വിളക്കിടൽ ചടങ്ങുകളും രാത്രിയിൽ കണ്ടടാകർണ്ണൻ, ഗുളികൻ, നാഗഭഗവതി എന്നിവരുടെ വെള്ളാട്ടങ്ങളും അരങ്ങേറും.
രണ്ടാം ദിവസമായ മാർച്ച് 10 ചൊവ്വാഴ്ച രാവിലെ പള്ളിക്കര വരവും ഉച്ചയ്ക്ക് 1 മണിക്ക് കൊടിയേറ്റവും നടക്കും. ഉച്ചയ്ക്ക് ശേഷം ഇളനീർ വരവ്, പൂക്കുന്തം വരവ്, പാൽ-വാൾ എഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വർണ്ണശബളമായ പൂക്കലശം വരവും വിവിധ വെള്ളാട്ടങ്ങളും നടക്കും. രാത്രി 11 മണിക്ക് വലിയ കരിമരുന്ന് പ്രയോഗവും ഈ ദിവസത്തെ പ്രത്യേകതയാണ്.
ഉത്സവത്തിന്റെ സമാപന ദിവസമായ മാർച്ച് 11 ബുധനാഴ്ച പുലർച്ചെ മുതൽ ഗുരുകാരണവർ വെള്ളാട്ടം, കുട്ടിച്ചാത്തൻ തിറ, കണ്ടടാകർണ്ണൻ തിറ എന്നിവ നടക്കും. രാവിലെ ഗുളികൻ, വസൂരിമാല ഭഗവതി, നാഗഭഗവതി എന്നിവരുടെ തിറയാട്ടങ്ങളും ഉച്ചയ്ക്ക് 12:30-ന് സമൂഹസദ്യയും ഉണ്ടായിരിക്കും. വൈകുന്നേരം ശൂലം ദൈവത്തിന്റെയും ഗുരുകാരണവരുടെയും തിറകൾക്ക് ശേഷം രാത്രി 7 മണിയോടെ താലപ്പൊലിയും വലിയ ഗുരുസിയും നടത്തി ദേവതയെ അകത്തുകുട്ടി നടയടയ്ക്കുന്നതോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
The Thira festival at the Sree Thattarath Kandatakarnan Temple in Mayyanur has begun.











































