നാദാപുരം: (https://nadapuram.truevisionnews.com/) സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാ കായിക മേള (കേളീരവം 2026) ഇന്ന് (ശനി) വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും.
രാവിലെ എട്ടുമണിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് പതാക ഉയർത്തുന്നതോടെ പരിപാടി തുടങ്ങും. തുടർന്ന് 8 : 30ന് കായിക മത്സരങ്ങൾ നടക്കും. 10 മണിക്ക് മീഡിയ സെന്റർ ഉദ്ഘാടനവും ഉണ്ടാകും. വൈകിട്ട് നാലു മണിക്ക് രചന മത്സരങ്ങൾ ആരംഭിക്കും.
ആറു മണിക്ക് കലാമേളയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിക്കും. രാത്രി 7 മണി മുതൽ നാലു വേദികളിലായി മത്സരങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് കലാ മത്സരങ്ങൾ പുനരാരംഭിക്കും. വൈകിട്ട് നാലുമണിക്ക് സാംസ്കാരിക ഘോഷയാത്ര വളയം പെട്രോൾ പമ്പ് പരിസരത്തുനിന്ന് ആരംഭിക്കും.
6 : 30ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് ട്രോഫി വിതരണം ചെയ്യും.

ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ പി രോഷിത, സിറാജുദ്ദീൻ നരിക്കുനി, എംകെ അഷ്റഫ് വാണിമേൽ തുടങ്ങിയവർ അറിയിച്ചു.
'Keleeravam' to begin in Valayam today: Around a thousand students to attend the competition


































