വടകര: [nadapuram.truevisionnews.com] ഇരിങ്ങൽ സർഗ്ഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ സന്ദർശകരുടെ മനം കവർന്ന് ജോർദാനിയൻ കരകൗശല വിസ്മയങ്ങൾ. ജോർദാൻ്റെ തനതായ പൈതൃകവും ആധുനിക കരവിരുതും ഒത്തുചേരുന്ന ആഭരണങ്ങളും മൺപാത്രങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണം.
ജോർദാൻ സ്വദേശിയായ ഒമർ നാസർ താഹത് ആണ് ഈ അപൂർവ്വ ശേഖരത്തിന് പിന്നിൽ. തലമുറകളായി കൈമാറി വന്ന 'മൊസൈക്ക്' സാങ്കേതികവിദ്യ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച സെറാമിക്, മൺപാത്രങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഒമർ മേളയിൽ അവതരിപ്പിക്കുന്നത്.
ജോർദാനിയൻ സംസ്കാരത്തിൻ്റെയും കലയുടെയും നേർക്കാഴ്ചയാവുകയാണ് ഈ പ്രദർശന സ്റ്റാൾ. വെറുമൊരു കച്ചവടത്തിനപ്പുറം, ജോർദാനിയൻ കലയെ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക എന്ന വലിയ ലക്ഷ്യമാണ് ഒമറിനുള്ളത്.
മേളയിലെ മറ്റ് ഇന്ത്യൻ കലാകാരന്മാരുമായി ആശയങ്ങളും സാങ്കേതിക വിദ്യകളും പങ്കുവെക്കുന്നതിലൂടെ ഒരു സാംസ്കാരിക സംവാദത്തിന് കൂടിയാണ് ഇദ്ദേഹം തുടക്കമിടുന്നത്. ഇത് രണ്ടാം തവണയാണ് ഒമർ സർഗ്ഗാലയ മേളയുടെ ഭാഗമാകുന്നത്. മുൻവർഷത്തെ മികച്ച അനുഭവം തന്നെയാണ് അദ്ദേഹത്തെ വീണ്ടും വടകരയിലെത്തിച്ചത്.

"ഇതൊരു അപൂർവ്വ വേദിയാണ്. വിവിധ രാജ്യങ്ങളിലെ കലാകാരന്മാർക്ക് പരസ്പരം സഹകരിക്കാൻ സർഗ്ഗാലയ നൽകുന്ന അവസരം വളരെ വലുതാണ്. എൻ്റെ നാട്ടിലെ സഹകലാകാരന്മാരോടും ഈ മേളയിൽ പങ്കെടുക്കാൻ ഞാൻ ശുപാർശ ചെയ്യും,"- ഒമർ നാസർ താഹത് പറയുന്നു.
സാംസ്കാരിക തനിമയും കലാപരമായ പൂർണ്ണതയും ഒത്തുചേരുന്ന ഒമറിൻ്റെ സ്റ്റാളിലേക്ക് സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Jordanian handicrafts showcased at Sargalaya Mela










































