വാണിമേൽ: (nadapuram.truevisionnews.com) വാണിമേലിന്റെ ചരിത്രത്തിൽ പുത്തൻ അധ്യായം കുറിച്ചുകൊണ്ട് വാണിമേൽ ബ്രദേഴ്സ് ക്ലബ് കാരുണ്യത്തിന്റെയും സേവനത്തിന്റെയും പുതിയ പാതയിലേക്ക്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ലബ്, ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിപുലമായ ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
ഫെബ്രുവരി 15-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പദ്ധതികൾ നാടിന് സമർപ്പിക്കും. വടകര 'തണൽ' ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സജ്ജീകരിച്ച അത്യാധുനിക ഡയാലിസിസ് സെന്ററാണ് ഈ പദ്ധതിയിലെ ഏറ്റവും വലിയ പ്രത്യേകത.
ഉദ്ഘാടനം കഴിയുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ഇവിടെ നിന്നും സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാകും. ഇതിനുപുറമെ, വൈജ്ഞാനിക പുരോഗതി ലക്ഷ്യമിട്ടുള്ള 'അപ്ലിഫ്റ്റ്' കോച്ചിങ് സെന്ററും റെഫറൻസ് ലൈബ്രറിയും ക്ലബ് ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യമേഖലയിലെ തുടർപദ്ധതികളായി ഫിസിയോതെറാപ്പി സെന്റർ, കുട്ടികൾക്കായുള്ള ഏർലി ഇൻ്റർവെൻഷൻ സെന്റർ എന്നിവയും വരും ഘട്ടങ്ങളിൽ യാഥാർത്ഥ്യമാകും. കൂടാതെ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കോൺഫറൻസ് ആൻഡ് ട്രെയിനിങ് ഹാളിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.
ഒരു കായിക സംഘടന എന്ന നിലയിൽ നിന്നും നാടിന്റെ സമഗ്ര പുരോഗതിക്കായി പ്രവർത്തിക്കുന്ന സേവന കേന്ദ്രമായി വാണിമേൽ ബ്രദേഴ്സ് മാറുന്നത് പ്രദേശവാസികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Brothers' Dialysis Center



































