നാദാപുരം :(nadapuram.truevisionnews.com) രാജ്യത്തിൻറെ ഭരണഘടനയെയും പൈതൃകത്തെയും നിഷ്കാസനം ചെയ്തു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തിയായ ബിജെപിയുമായുള്ള ബാന്ധവത്തിൻറെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒരേ തൂവൽ പക്ഷികളാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ്.
എസ്ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി യെ ശക്തമായി എതിർക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും രഹസ്യമായി അവരുമായി കൂട്ടുകൂടുകയും ചെയ്യുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
അവസാനമായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും അധികാര ലബ്ധിക്കായി ഫാസിസ്റ്റ് ശക്തികളെ തലോടുന്ന രീതിയാണ് അവർസ്വീകരിച്ചത്.
എസ്ഡിപിഐ സ്ഥാനാർഥികളെയും സിറ്റിംഗ് മെമ്പർമാരെയും പരാജയപ്പെടുത്താൻ വേണ്ടി നിലവിലെ മൂന്ന് മുന്നണികളും പരസ്പരം കൈകോർത്തിട്ടും ഒറ്റക്ക് മത്സരിച്ച് 102 സീറ്റ് നേടി വൻ മുന്നേറ്റമാണ് പാർട്ടി കാഴ്ച വെച്ചത്.
നിയോജക മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം തലായി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഇ കെ മുഹമ്മദലി, മണ്ഡലം സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ, ട്രഷറർ ടി എം ഹസ്സൻ വൈസ് പ്രസിഡണ്ട് ഉമ്മർ കല്ലോളി, സുലൈഖ ഹസൻ, ഖദീജാ സുബൈർ എന്നിവർ സംസാരിച്ചു.
Equal approach to both fronts -- CPA Latif










































