വടകര:(vatakara.truevisionnews.com) കീഴൽ പള്ളിക്കുസമീപം വെള്ളാറമലയിലും മേപ്പയിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ തീപിടിത്തം. വെള്ളാറമലയിൽ ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന അടിക്കാടിനും വെട്ടിയിട്ടിരുന്ന മരങ്ങൾക്കുമാണ് തീപിടിച്ചത്.
വിവരമറിഞ്ഞ ഉടൻ വടകരയിൽ നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടി സഹായത്തോടെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് തീപിടിത്തമുണ്ടായതെങ്കിലും അവിടേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
പറമ്പിലെ മാലിന്യങ്ങൾക്കും മറ്റും അലക്ഷ്യമായി തീയിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ തീപിടിത്തങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Fire breaks out in fields in Vellaramalai and Meppa, Vadakara









































