നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ മേഖലയിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകി ബ്രദേഴ്സ് വാണിമേലിന്റെ അത്യാധുനിക ഡയാലിസിസ് സെന്റർ പ്രവർത്തനസജ്ജമാകുന്നു.
വടകര തണലിന്റെ സഹകരണത്തോടെ ഭൂമിവാതുക്കൽ ടൗണിന് സമീപം ഒരു ഏക്കർ സ്ഥലത്ത് ജനകീയ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെയുള്ള രോഗികൾക്ക് സൗജന്യവും നിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ സെന്ററിൽ പത്ത് മെഷീനുകൾ ഒരേസമയം പ്രവർത്തിപ്പിക്കാനുള്ള സൗകര്യമുണ്ട്.
വരും ദിവസങ്ങളിൽ ഇതോടൊപ്പം ശിഫ ബ്രദേഴ്‌സ് പാലിയേറ്റീവ് സെന്ററും നാടിന് സമർപ്പിക്കും. ഡയാലിസിസ് യൂണിറ്റിന് പുറമെ ഫിസിയോതെറാപ്പി യൂണിറ്റ്, ഏർളി ഇൻ്റർവെൻഷൻ സെന്റർ, അത്യാധുനിക കളിക്കളം, റഫറൻസ് ലൈബ്രറി തുടങ്ങിയ വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്.

ഫെബ്രുവരി 15 ന് വൈകീട്ട് 4 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Brothers Dialysis Center inaugurated









































