നാദാപുരം: മലയങ്ങാട് ഉരുട്ടിക്കുന്നിൻ മുകളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം. ഏക്കർ കണക്കിന് സ്ഥലത്തെ മരങ്ങൾ കത്തിനശിച്ചു. വനഭൂമിയിൽ ആരംഭിച്ച തീ പിന്നീട് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലേക്കും പടരുകയായിരുന്നു. ഇന്നലെ പകലോടെ ആരംഭിച്ച തീ രാത്രി വൈകിയും പൂർണ്ണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. ചെങ്കുത്തായ മലയ്ക്കു മുകളിലായതിനാൽ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് ഇവിടേക്ക് എത്താൻ സാധിക്കാത്തത് തീയണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുണ്ടായിരുന്ന തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ് തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി കണക്കാക്കുന്നത്.വാർഡ് മെമ്പർ രാജു അലക്സ്, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം ടി.ടി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും തീയണയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. സ്ഥലത്ത് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.
ഉരുട്ടിക്കുന്നിൻ മുകളിൽ കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Vilangad forest fire fears; Massive damage to forest land and farmland

































