നാദാപുരം: [nadapuram.truevisionnews.com] കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്കായി ചീഫ് എക്സിക്യൂട്ടീവ്സ് ഫോറം ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് നേടിയ നാദാപുരം സഹകരണ അർബൻ ബാങ്കിന് നാടിന്റെ ആദരം.
2002-ൽ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ ബാങ്ക്, തുടർച്ചയായ ലാഭവിഹിതവും എല്ലാ മേഖലകളിലുമുള്ള ഉജ്ജ്വല മുന്നേറ്റവും പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരത്തിന് അർഹമായത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം യൂണിറ്റ് ജനറൽ മാനേജർ വി.എസ്. പ്രജീഷിൽ നിന്നാണ് ബാങ്ക് അധികൃതർ അവാർഡ് ഏറ്റുവാങ്ങിയത്.
ഈ അഭിമാനകരമായ നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി ബാങ്ക് ആസ്ഥാനത്ത് പ്രത്യേക സംഗമം സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു.

ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടർ പി.പി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബാങ്കിന്റെ വളർച്ചയിൽ പങ്കാളികളായ വൈസ് ചെയർമാൻ പി.പി. അശോകൻ മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, അഡ്വ. കെ.എം. രഘുനാഥ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ജനറൽ മാനേജർ കെ.എൻ. അബ്ദുറഷീദ് സ്വാഗതവും അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് മറോളി നന്ദിയും രേഖപ്പെടുത്തി. നാദാപുരത്തിന്റെ സാമ്പത്തിക വികസനത്തിൽ ബാങ്ക് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ അവാർഡ് മാറി.
Nadapuram Cooperative Urban Bank wins Excellence Award










































