എടച്ചേരി: [nadapuram.truevisionnews.com] പ്രദേശത്തെ മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പരകൾ പതിവായതോടെ മോഷ്ടാക്കളെ കുടുക്കാൻ സ്വന്തം നിലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വ്യാപാരികൾ.
എടച്ചേരി പുതിയങ്ങാടിയിലെ മലഞ്ചരക്ക് വ്യാപാരികളാണ് മോഷണശല്യത്തിന് അറുതി വരുത്താൻ ആധുനിക രീതിയിലുള്ള ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സജിത്ത് എന്ന വ്യാപാരിയുടെ കടയുടെ പൂട്ട് തകർക്കാൻ ശ്രമം നടന്നതോടെയാണ് കച്ചവടക്കാർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുതിയങ്ങാടി കുനിയിൽ താഴെ റോഡിലെ ഒ.പി. അനന്തന്റെ കടയിൽ നിന്ന് 21,000 രൂപ വിലവരുന്ന രണ്ട് ചാക്ക് കുരുമുളക് മോഷ്ടിക്കപ്പെട്ടിരുന്നു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ പൊളിച്ച നിലയിൽ കണ്ടത്.
പോലീസെത്തി പരിശോധനകൾ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. മൂന്ന് വർഷം മുമ്പ് രാമകൃഷ്ണ ട്രേഡേഴ്സിൽ നിന്ന് 65,000 രൂപയുടെ അടക്ക മോഷണം പോയ കേസിലും ഇതുവരെ ആരെയും പിടികൂടാൻ പോലീസിനായിട്ടില്ല.

പതിവായ മോഷണശ്രമങ്ങളും അന്വേഷണം എങ്ങുമെത്താത്തതും വ്യാപാരികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് സ്ഥാപിച്ച ജാഗ്രതാ ക്യാമറകൾ നിലവിലുണ്ടെങ്കിലും മോഷണ പരമ്പരകൾക്ക് കുറവില്ല.
തങ്ങളുടെ ഉപജീവനമാർഗമായ മലഞ്ചരക്കുകൾ സംരക്ഷിക്കാൻ കടയ്ക്കകത്ത് കിടന്നുറങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ ആവലാതിപ്പെടുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോഷ്ടാക്കളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ വ്യാപാരികൾ സ്വന്തം നിലയിൽ സജ്ജരായിരിക്കുന്നത്.
Traders install CCTV to catch thieves in Edachery











































