Mar 2, 2026 01:53 PM

നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വികസനോന്മുഖമായ മിച്ച ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് അവതരിപ്പിച്ചു.

79.38 കോടി രൂപ വരവും 75.41 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 3.96 കോടി രൂപ നീക്കിയിരിപ്പുണ്ട്. ജനക്ഷേമത്തിനും പ്രാദേശിക വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻതുകയാണ് വകയിരുത്തിയിരിക്കുന്നത്.

റോഡുകളുടെ പുനരുദ്ധാരണത്തിനായി 8.74 കോടി രൂപയും പൊതുമന്ദിരങ്ങളുടെ നിർമ്മാണത്തിനായി 89 ലക്ഷം രൂപയും നീക്കിവെച്ചു. കല്ലാച്ചി മത്സ്യ മാർക്കറ്റ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയത് ശ്രദ്ധേയമാണ്.

വിദ്യാഭ്യാസ-യുവജന മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതികൾ ബജറ്റിലുണ്ട്. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 'ശ്രേഷ്ഠ കൺമണി' എന്ന പേരിൽ 50 ലക്ഷം രൂപയുടെ പഞ്ചവത്സര പദ്ധതിക്ക് തുടക്കമിടും.

യുവജനങ്ങൾക്കായി 22 ലക്ഷം രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതിൽ 'വസന്തം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ നാദാപുരത്തിന്റെ സാംസ്കാരിക മുഖഛായ മാറ്റും.

കൃഷിക്ക് 56.30 ലക്ഷം രൂപയും വനിതാ ക്ഷേമത്തിന് 38 ലക്ഷം രൂപയും ബജറ്റ് മാറ്റിവെച്ചിട്ടുണ്ട്. പാർപ്പിടമില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ഉറപ്പാക്കുന്നതിനൊപ്പം പട്ടികജാതി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും കൃത്യമായ തുക വകയിരുത്തി.

ആരോഗ്യ മേഖലയിൽ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകാൻ 'ഡി ഹെൽപ്പ്' എന്ന പേരിൽ 10 ലക്ഷം രൂപയുടെ ജനാശ്വാസ പദ്ധതി നടപ്പിലാക്കും. ഭരണനിർവ്വഹണം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് യോഗങ്ങൾ 'ജനസമക്ഷം' എന്ന പേരിൽ തത്സമയ സംപ്രേക്ഷണം ചെയ്യാനും തീരുമാനമായി.

നാദാപുരം ടൗണിനെ പൈതൃക രീതിയിൽ സൗന്ദര്യവൽക്കരിക്കുന്നതിനൊപ്പം എല്ലാ വാർഡുകളിലും ശ്മശാനങ്ങൾ, ഗ്രാമകേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ ഉറപ്പാക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സഫീറ മൂന്നാംകുന്ന് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.പി. ജൂലാൽ, സ്ഥിരംസമിതി അംഗങ്ങളായ നിർമ്മല ടീച്ചർ, പി.വി. ലക്ഷ്മി ടീച്ചർ, സി. അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.

Nadapuram surplus budget presented

Next TV

Top Stories










News Roundup






Entertainment News