നാദാപുരം : (nadapuram.truevisionnews.com) സ്വന്തം മകൾ വെള്ളത്തിൽ മുങ്ങി താണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ സഹോദര ഭാര്യയുടെയും സഹോദരന്റെയും ജീവനും പുഴയെടുത്തു. കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം.
നാദാപുരത്തിനടുത്ത് പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനു സമീപത്തുണ്ടായ ദാരുണ ദുരന്തം.
നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനും തന്റെ പൂർണ ഗർഭിണിയായ ഭാര്യ അസ്മിനയുടെയും അടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തിയ ഗൾഫിലായിരുന്ന ഹനീഫയ്ക്ക് നെഞ്ചു പിളർത്തുന്ന വേദനയാണ് പുളിയാവ് പുഴ സമ്മാനിച്ചത്.
ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. അരീകുണ്ടിൽ അൻസാർ(45), അൻസാറിന്റെ ഭാര്യ പരേതനായ അമ്മദ് മുസല്യാരുടെയും സഫിയയുടെയും മകളായ വയനാട് തരുവണ സ്വദേശിയായ സുഹാദ(36) ഹനീഫയുടെ മകൾ ഇസ്സ മറിയം(8) എന്നിവരാണ് മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

വളയത്തെ വീട്ടിലായിരുന്നു ഉമ്മ വോട്ട് രേഖപ്പെടുത്താൻ വേവത്തെ വീട്ടിലേക്ക് പോയപ്പോൾ ഇസ്സയും കൂടെ പോകുകയായിരുന്നു. ഇസ്സ ഉമ്മയുടെ വീട്ടിലാണ് അധിക സമയവും ഉണ്ടാകാറുള്ളത്. ഇന്ന് രാവിലെ ഉപ്പാപ്പ കൂട്ടിക്കൊണ്ട് പോകാൻ വരില്ലെന്ന് അറിഞ്ഞതോടെ ഉച്ച ഭക്ഷണം കഴിഞ്ഞ് പുഴയിൽ അലക്കാൻ പോകുകയായിരുന്ന സുഹാദയുടെയും മക്കൾക്കുമൊപ്പം പുഴയിലേക്ക് പോകുകയായിരുന്നു ഇസ്സ.
ഇസ്സ വെള്ളക്കെട്ടിൽ മുങ്ങുന്നത് കണ്ട് സുഹാദ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇവരും മുങ്ങി പോയതോടെ കുട്ടികളുടെ ബഹളം കേട്ട് അൻസാറും ഓടിയെത്തി. പുഴയിൽ ഇറങ്ങിയ അൻസാറും ഉഴിയിലെ ചെളിയിൽ അകപ്പെട്ട് പോകുകയായിരുന്നു.
നാദാപുരം സി ഐ. എം അനിൽകുമാറിന്റെ നേതൃത്വത്തിൽ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ ഏഴര മണിയോടെ മൂന്ന് ആംബുലൻസുകളിലായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നാളെ രാവിലെ പോസ്റ്റുമോർട്ടം ആരംഭിക്കും.
തുടർന്ന് ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹങ്ങൾ ഉച്ചയോടെ വേവത്തെ വീട്ടിൽ എത്തിക്കും . പിന്നീട് പാറക്കടവ് വലിയ ജുമാ അത് പള്ളിയിൽ ഖബറടക്കും. ദുരന്ത വിവരം അറിഞ്ഞ് അപകട സ്ഥലത്തും നാദാപുരം താലൂക് ആശുപത്രിയിലും നൂറ് കണക്കിന് ആളുകൾ എത്തിച്ചേർന്നു.
രാക്ഷ്ട്രീയ നേതാക്കളായ വടകര എം പി ഷാഫി പറമ്പിൽ , എം എൽ എ മാരായ ഡോ. എം. കെ മുനീർ, ഇ കെ വിജയൻ, നാദാപുരം മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത്, കുറ്റ്യാടി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള, സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, വൈസ് പ്രസിഡന്റ് കെ എം രഘുനാഥ്, ബ്ലോക്ക് പ്രസിഡന്റ് കെ പി പ്രതീഷ്, മെമ്പർമാരായ പി ഷാഹിന, അഖില മര്യാട്ട്, വിവിധ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേറി, മുഹമ്മദ് ബംഗ്ലത്ത്, വയലോളി അബ്ദുള്ള, വി വി മുഹമ്മദ് അലി, കെ എം സമീർ, കെ പി മുഹമ്മദ്, ടി കെ അബ്ബാസ്, കണേക്കൽ അബ്ബാസ്, പി കെ ഹബീബ്, എരോത്ത് ഫൈസൽ, പി പി ചാത്തു, എ മോഹൻ ദാസ്, ശ്രീജിത്ത് മുടപ്പിലായി, മോഹനൻ പാറക്കടവ്, രവീഷ് വളയം തുടങ്ങി ഒട്ടേറെ പേർ ആശുപത്രിയിൽ എത്തി.
three people from a family drowned to death in kozhikode nadapuram update







































