എടച്ചേരി: (nadapuram.truevisionnews.com) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് എടച്ചേരി, ഏറാമല പഞ്ചായത്തുകളിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പോലീസ് സ്റ്റേഷനിൽ ചേർന്ന സർവകക്ഷിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. '
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ യോഗം തീരുമാനിച്ചു. ആഹ്ലാദപ്രകടനങ്ങളുടെ ഭാഗമായി ബൈക്ക് റാലികൾ, ഡിജെ സൗണ്ട് സിസ്റ്റങ്ങൾ, പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പോലീസ് നിർദ്ദേശം നൽകി.
വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിനായി കൃത്യമായ സമയക്രമവും യോഗം നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ വിജയിക്കുന്ന സ്ഥാനാർത്ഥിക്കും അണികൾക്കും വോട്ടെണ്ണൽ ദിവസം രാത്രി എട്ട് മണി വരെ ആഘോഷങ്ങൾ നടത്താം.
സംസ്ഥാന അടിസ്ഥാനത്തിൽ മുന്നണികളുടെ വിജയാഘോഷം നടത്തുന്നവർക്ക് തൊട്ടടുത്ത ദിവസം രാത്രി എട്ട് മണി വരെയും സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കണമെന്ന് പോലീസ് അറിയിച്ചു.
Police control election victory celebrations










































