നാദാപുരം: (nadapuram.truevisionnews.com) പോളിംഗ് ഓഫീസർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് നാദാപുരം മണ്ഡലത്തിൽ വീട്ടിൽ വെച്ച് രേഖപ്പെടുത്തിയ വോട്ടുകളിൽ വലിയൊരു ശതമാനം അസാധുവായി.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി അനുവദിച്ച 'ഹോം വോട്ടിംഗ്' സൗകര്യത്തിലാണ് ഈ തിരിച്ചടിയുണ്ടായത്. വോട്ടെണ്ണൽ പുരോഗമിക്കവെയാണ് ഇത്തരം വോട്ടുകൾ വൻതോതിൽ അസാധുവായ വിവരം പുറത്തുവരുന്നത്.
ഓഫീസർമാർ നേരിട്ടെത്തിയാണ് വോട്ടുകൾ ചെയ്യിച്ചതെങ്കിലും, എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ വോട്ടർമാർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ ഇവർ പരാജയപ്പെട്ടെന്നാണ് ആരോപണം ഉയരുന്നത്.
കൃത്യമായ നിർദ്ദേശങ്ങളുടെ അഭാവം മൂലം വോട്ടർമാർക്ക് ബാലറ്റിൽ പിഴവുകൾ സംഭവിക്കുകയും അത് വോട്ടുകൾ അസാധുവാകാൻ കാരണമാവുകയുമായിരുന്നു. ശാരീരിക അവശതകൾ നേരിടുന്നവർക്കായി ഒരുക്കിയ ഈ പ്രത്യേക സംവിധാനം ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം ഫലപ്രദമാകാതെ പോയതിനെതിരെ രാഷ്ട്രീയ പാർട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
Allegations of serious flaws in the home voting system in Nadapuram











































