നാദാപുരം: (nadapuram.truevisionnews.com) സ്കൂൾ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പുതിയ സർക്കാർ ഉത്തരവ് പ്രധാനാധ്യാപകരെ പ്രതിസന്ധിയിലാക്കുന്നു.
നാദാപുരം നിയോജക മണ്ഡലത്തിലെ സ്കൂൾ പ്രധാനാധ്യാപകർക്കായി സംഘടിപ്പിച്ച യോഗത്തിലാണ് നിയുക്ത എം.എൽ.എ കെ.എം. അഭിജിത്തിന് മുമ്പാകെ അധ്യാപകർ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്.
ആരോഗ്യം, വൈദ്യുതി, വനം, ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വാഹനം എന്നീ അഞ്ച് വകുപ്പുകളുടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫിറ്റ്‌നസ് ലഭിക്കൂ എന്നാണ് പുതിയ നിബന്ധന.
എന്നാൽ, ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശങ്ങൾ ലഭിക്കാത്തത് പരിശോധനകൾ വൈകാൻ കാരണമാകുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫിറ്റ്‌നസ് നടപടികൾ പൂർത്തിയാകാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിന് പുറമെ സ്കൂൾ യൂണിഫോം വിതരണത്തിലെ അപാകതകളും യോഗത്തിൽ ചർച്ചയായി. പ്രധാനാധ്യാപകർ ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവകരമാണെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്നും കെ.എം. അഭിജിത്ത് ഉറപ്പുനൽകി.
നാദാപുരം എ.ഇ.ഒ സി.എച്ച്. സനൂപ അധ്യക്ഷത വഹിച്ച യോഗത്തിൽ കുന്നുമ്മൽ എ.ഇ.ഒ കെ.എം. രത്നവല്ലി, എച്ച്.എം. ഫോറം ഭാരവാഹികളായ എ. അബ്‌ദുറഹിം, അബ്‌ദുനാസർ എന്നിവരും സംബന്ധിച്ചു.
K.M. Abhijith says he will address the concerns of the principals











































