നാദാപുരം : നാദാപുരം, കല്ലാച്ചി ടൗണുകളിലെ കൂൾ ബാറുകൾ, ബേക്കറികൾ,മറ്റു വ്യാപാര സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി താമസ സ്ഥലങ്ങൾ, എന്നിവിടങ്ങളിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. പി രജുലാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വൃത്തിഹീനമായതും ദിവസങ്ങളോളം പഴക്കം ചെന്നതുമായ, ദുർഗന്ധം വമിക്കുന്ന മാംസം പരിശോധനയിൽ പിടിച്ചെടുത്തു.സ്ഥാപനം താൽക്കാലികമായി അടച്ചു പൂട്ടി.
കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട നാദാപുരം ടൗണിലെ അതിഥി തൊഴിലാളി താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി. കസ്തൂരി കുളത്ത് ശുചിത്വം പാലിക്കാത്ത കെട്ടിടം താൽക്കാലികമായി അടക്കാൻ നിർദ്ദേശം നൽകി.
വിവിധ സ്ഥാപന പരിസരങ്ങളിലായി അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങൾക്ക് 90000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സംയുക്ത നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ശുചിത്വം പാലിക്കാതെയും പഴകിയ ഭക്ഷണങ്ങൾ വിൽപ്പന നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.
പരിശോധനയിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ, നാദാപുരം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ എ.ടി മൊയ്തീൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സീന ജീവനക്കാരായ ജോബിത്ത്, സിബി, ഷംനാദ് കെ. കെ, ബിജു കെ.ടി എന്നിവർ പങ്കെടുത്തു.
Food safety, inspections conducted at business establishments in Nadapuram and Kallachi towns









































