#Latest News #Nadapuram #Purameri #Shigella
നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം ബാധിച്ചത്. കടുത്ത വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിക്കിപ്പോൾ ഷിഗെല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ പാടെ തകിടം മറിക്കുന്ന അപകടകരമായ അണുബാധയാണിത്.
ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ (ഇൻക്യുബേഷൻ പിരീഡ്) രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും.
കടുത്ത പനി, വയറുവേദന, ഛർദ്ദി, വയറിളക്കം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കുടലിൽ പ്രവേശിക്കുന്ന ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാർത്ഥം ദഹനേന്ദ്രിയവ്യവസ്ഥയെ കഠിനമായി അസ്വസ്ഥമാക്കുന്നതോടെയാണ് രോഗി ഗുരുതരാവസ്ഥയിലാകുന്നത്.

തുടക്കത്തിൽ സാധാരണ വയറിളക്കമായി തോന്നുമെങ്കിലും, രോഗം മൂർച്ഛിക്കുന്നതോടെ മലത്തോടൊപ്പം രക്തവും കഫവും പഴുപ്പും കണ്ടുതുടങ്ങും. പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ കുടിവെള്ളത്തിന്റെ കാര്യത്തിലും വ്യക്തിശുചിത്വത്തിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.
Content Highlight: A 10-year-old boy from Otaru has been diagnosed with Shigella.




































