#Latest News #Vilangadu #Road Problem
വിലങ്ങാട്: (nadapuram.truevisionnews.com) കാലവർഷം ശക്തിപ്രാപിച്ചതോടെ മഞ്ഞച്ചിളി, വലിയ പാനോം, ചെറിയ പാനോം, വായാട് തുടങ്ങിയ മലയോര മേഖലകളിലെ താമസക്കാർ കടുത്ത ആശങ്കയിൽ.
ശക്തമായ മഴ തുടർന്നാൽ വിലങ്ങാട് അങ്ങാടിയിലേക്കുള്ള ഏക യാത്രാമാർഗ്ഗം പൂർണ്ണമായും ഇല്ലാതാകുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ നൂറുകണക്കിന് കുടുംബങ്ങൾ. രണ്ട് വർഷം മുൻപുണ്ടായ അതിരൂക്ഷമായ വിലങ്ങാട് ഉരുൾപൊട്ടലിൽ മഞ്ഞച്ചിളി പാലവും വായാട് പാലവും തകർന്നിരുന്നുവെങ്കിലും, ഇവ ഇതുവരെ പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
നിലവിൽ മഞ്ഞച്ചിളിയിൽ നാട്ടുകാർ ചേർന്ന് നിർമ്മിച്ച താൽക്കാലിക പാലത്തിലൂടെയാണ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നത്. എന്നാൽ, കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ചെറിയ മഴയിൽ തന്നെ ഈ താൽക്കാലിക പാത പൂർണ്ണമായും ചെളിക്കുളമായി മാറി.
വരും ദിവസങ്ങളിൽ മഴ കനക്കുകയും മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും ചെയ്താൽ ഈ താൽക്കാലിക സംവിധാനത്തിന് അതിനെ അതിജീവിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഈ പാലം തകർന്നാൽ മഞ്ഞച്ചിളി, ചെറിയ പാനോം, വായാട് നിവാസികൾ പൂർണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും.

മറ്റൊരു പ്രധാന കണക്റ്റിവിറ്റിയായ വായാട് പാലം ഉരുൾപൊട്ടലിൽ തകർന്ന് പുഴയിൽ നടുകുത്തിയ നിലയിലാണ് ഇപ്പോഴുമുള്ളത്. ശക്തമായ നീരൊഴുക്കുണ്ടായാൽ അവശേഷിക്കുന്ന പാലത്തിന്റെ ഭാഗം കൂടി പുഴയെടുക്കുമെന്ന അവസ്ഥയിലാണ്.
ഇതിനുപുറമെ, വിലങ്ങാട് വില്ലേജ് ഓഫീസിന് സമീപം പുഴയോട് ചേർന്നുള്ള റോഡിന്റെ ഒരു ഭാഗം മുൻപ് ഉരുൾപൊട്ടൽ സമയത്ത് തകർന്നിരുന്നു. പുഴ വീണ്ടും ഗതിമാറി ഒഴുകിയാൽ ബാക്കി റോഡ് കൂടി ഇല്ലാതാകുമെന്ന ഭീഷണിയുമുണ്ട്.
പുഴയിലെ കല്ലും മണ്ണും മാറ്റാൻ വൻതുക ചിലവഴിച്ച സമയത്ത്, വിലങ്ങാട് മുതൽ പുല്ലുവാ വരെയുള്ള റോഡ് എങ്കിലും ഗതാഗതയോഗ്യമാക്കി മാറ്റിയിരുന്നെങ്കിൽ തങ്ങൾക്ക് മഴക്കാലത്ത് ഭയമില്ലാതെ കഴിയാമായിരുന്നുവെന്ന് മഞ്ഞച്ചിളി സ്വദേശി പാപ്പച്ചൻ വ്യക്തമാക്കുന്നു.
അടിയന്തരമായി അധികൃതർ ഇടപെട്ട് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlight: Road problem faced by Vilangad residents





































