#Latest News #Shigella #Health Department #Nadapuram
നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ സ്കൂൾ വിദ്യാത്ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിപുലമായ പ്രതിരോധ-ജാഗ്രതാ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് വി.കെ., മെഡിക്കൽ ഓഫീസർ ഡോ. ആലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി,ഹെൽത്ത് ഇൻസ്പെക്ടർ അരുണ്‍കുമാർ, മെമ്പർ കെ.പി.സി. തങ്ങൾ എന്നിവർ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെ മുതൽ എല്ലാ വാർഡുകളിലെയും ആശാ പ്രവർത്തകർ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് സർവേ നടത്തും. വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ആവശ്യമായ ചികിത്സയും ആരോഗ്യ നിർദേശങ്ങളും നൽകും. പ്രദേശവാസികൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും ഭക്ഷണത്തിനു മുമ്പും ശൗചാലയ ഉപയോഗത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രദേശത്ത് പ്രത്യേക ബോധവത്കരണ യോഗം സംഘടിപ്പിച്ച് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങൾ, രോഗവ്യാപന മാർഗങ്ങൾ, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ ജനങ്ങളെ ബോധവത്കരിക്കും. കൂടാതെ കുടിവെള്ള സ്രോതസുകളിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധനയ്ക്ക് വിധേയരാക്കി രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഷിഗല്ല രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയും വിരമിക്കൽ മൂലം ഒഴിവുവന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയും അടിയന്തരമായി നികത്തണമെന്ന് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിച്ചതായും പ്രസ്താവനയിൽ അറിയിച്ചു.
ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്ത്, വാർഡ് ജനപ്രതിനിധികൾ, ജാഗ്രതാ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കുമെന്നും പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് പൂർണ സഹകരണം നൽകണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡ് മെമ്പർ കെപിസി തങ്ങളുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ രജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിധില വാർഡ് വികസന സമിതി കൺവീനർ സുരേന്ദ്രൻ കേരളത്ത് എന്നിവർ സംബന്ധിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി.
Content Highlight: School student diagnosed with Shigella disease Panchayat and Health Department on alert






































