#Latest News #Nadapuram #Pulse Polio Immunization
നാദാപുരം: (nadapuram.truevisionnews.com) അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി ഇന്ന് നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരം കല്ലാച്ചി എം.എൽ.പി സ്കൂളിൽ വെച്ച് രാവിലെ 10 മണിക്ക് കെ.എം. അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് മുഖ്യാതിഥിയാകും. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ജില്ലയിലൊട്ടാകെ 1,89,345 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 2,187 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലെല്ലാം ബൂത്തുകൾ പ്രവർത്തിക്കും.
സാധാരണ ബൂത്തുകൾക്ക് പുറമെ, യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും 54 ട്രാൻസിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘടപ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ എന്നിവിടങ്ങളിൽ 50 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.


ഇന്ന് ബൂത്തുകളിൽ എത്തി തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ, വനിതാ-ശിശു വികസന, പൊതുവിദ്യാഭ്യാസ വകുപ്പുകൾ, കുടുംബശ്രീ, സാക്ഷരതാ മിഷൻ തുടങ്ങിയ വിവിധ സർക്കാർ സംവിധാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
Content Highlight: Pulse polio immunization in Nadapuram






































