#Latest News #Nadapuram #Anti-Drug Campaign
നാദാപുരം: (nadapuram.truevisionnews.com) സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധവുമായി നാദാപുരം മർച്ചന്റ് അസോസിയേഷൻ (KVVES) രംഗത്ത്. കേരള സർക്കാർ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യാപാരികൾ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കമാകും.
ഇന്ന് വൈകിട്ട് 3.30-ന് നാദാപുരം ബസ് സ്റ്റാൻഡിൽ വെച്ച് നടക്കുന്ന 'ഗോൾ അടിക്കാം' എന്ന പരിപാടി നാദാപുരം എം.എൽ.എ ശ്രീ. അഭിജിത് ഉദ്ഘാടനം ചെയ്യും. ലഹരിയുടെ പിടിയിൽ അകപ്പെടുന്നവർ കുടുംബത്തെയും സമൂഹത്തെയും മറന്ന് അക്രമത്തിലേക്ക് തിരിയുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ വിപത്തിനെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാരികൾ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ നാദാപുരം ഡിവൈഎസ്പി ശ്രീ. പ്രവീൺ കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ നാദാപുരത്തെ ഓരോ വ്യാപാരിയുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കെവിവിഇഎസ് നാദാപുരം യൂണിറ്റ് പ്രസിഡന്റ് ഏറത്ത് ഇക്ബാൽ, സെക്രട്ടറി അബ്ബാസ് കണേക്കൽ എന്നിവർ അഭ്യർത്ഥിച്ചു.
ഓരോ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് ഒരാളെങ്കിലും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു.
Content Highlight: 'Goal Adikkam' anti-drug campaign launched in Nadapuram.













































