#Latest News #Volleyball #Cherumoth #Asian Championship #Mohammed Nihal
നാദാപുരം: (nadapuram.truevisionnews.com) ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം സി.കെ. മുഹമ്മദ് നിഹാലിന് ജന്മനാടായ ചെറുമോത്തിന്റെ സ്‌നേഹാദരം. ക്രസന്റ് ചെറുമോത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് നാടിന് തന്നെ ഉത്സവമായി മാറി.
ഓത്തിയിൽ മുക്കിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ ഘോഷയാത്ര, ചെറുമോത്ത് പള്ളിമുക്കിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാൽനടയായി സ്വീകരണ വേദിയായ ചെറുമോത്ത് എം.എൽ.പി സ്കൂൾ ഗ്രൗണ്ടിലെത്തി. ആവേശകരമായ സ്വീകരണത്തിന് ശേഷം നടന്ന അനുമോദന സമ്മേളനം കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വളയം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത അധ്യക്ഷത വഹിച്ചു. നൂറ്റാണ്ട് പിന്നിടുന്ന ചെറുമോത്തിന്റെ വോളിബോൾ ചരിത്രം വിളിച്ചോതുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മവും എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെയും, ടി.സി. സുബൈർ മെമ്പർ ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
വളയം പോലീസ് ഇൻസ്പെക്ടർ ഷാജു, അബ്ദുല്ല വയലോളി, ടി.ടി.കെ. കാദർ ഹാജി, ടി.എം.വി. ഹമീദ്, രവീഷ് വളയം, സി.കെ. ഉസ്മാൻ ഹാജി, മുൻ താരം നാസർ തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത ഗായിക അസിൻ വെള്ളിലയുടെ നേതൃത്വത്തിൽ നടന്ന ഇശൽ വിരുന്ന് പരിപാടിക്ക് കൊഴുപ്പേകി. സി.കെ. ഷഹറാസ് സ്വാഗതവും ടി.സി. സുബൈർ നന്ദിയും പറഞ്ഞു.
Content Highlight: CK Mohammed Nihal Felicitation Cherumoth Asian Volleyball Bronze Medal
#Latest News #Volleyball #Cherumoth #Asian Championship #Mohammed Nihal













































