#Latest nEWS #Vilangad River #Kozhikode #UP Youth #Body Found
നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി. വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിന് താഴെ മരത്തെ തങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. നാലാം ദിവസത്തെ ജനകീയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഞായറാഴ്ച മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ നടത്തിയത്. നാദാപുരം എംഎൽഎ കെ.എം അഭിജിത്തിന്റെയും വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാറിന്റെയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂറിന്റെയും നിർദേശപ്രകാരം ഇന്ന് രാവിലെ 8 മണി മുതൽ പൊതു തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികൾ, യുവജന ക്ലബ്ബുകളുടെ പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ,വ്യാപാരികൾ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ തലങ്ങളിൽ ഉള്ളവരും ചേർന്നാണ് ഇന്ന് പൊതു തെരച്ചിൽ നടത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെടുന്നത്.


ഇന്നലെ വിലങ്ങാട്ടുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ മുങ്ങി പരിശോധനയും നടത്തിയിരുന്നു .
പുഴയുടെ തുടക്കഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻപ് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായിരുന്നു.
Content Highlight: Body Of UP Youth Missing In Vilangad River Found After 4 Days
#Latest nEWS #Vilangad River #Kozhikode #UP Youth #Body Found








































