എടച്ചേരി: (nadapuram.truevisionnews.com) വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന ഭിന്നശേഷിക്കാരുടെയും കിടപ്പ് രോഗികളുടെയും സഹവാസ ക്യാമ്പ് ഇന്ന് സമാപിക്കും.
വെള്ളിയാഴ്ച വൈകുന്നേരം എടച്ചേരി നോർത്ത് യു.പി സ്കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് ആരംഭിച്ച സഹവാസക്യാമ്പാണ് തിങ്കളാഴ്ച സമാപിക്കുന്നത്. എല്ലാ വർഷവും ഇത്തരം സഹവാസ ക്യാമ്പുകൾ ഇവിടെ നടത്താറുണ്ട്.
എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചറായിരുന്നു വെള്ളിയാഴ്ച വൈകുന്നേരം ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
എടച്ചേരി പാലിയേറ്റീവ് കൂട്ടായ്‌മയിലെ സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ഇവിടെ ക്യാമ്പുകൾ നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ 37 പേരാണ് ഈ ക്യാമ്പിലുള്ളത്.
ക്യാമ്പ് കഴിഞ്ഞ് പോകുമ്പോൾ എല്ലാവർക്കും സമ്മാനങ്ങളോടെയാണ് പാലിയേറ്റീവ് പ്രവർത്തകർ യാത്രയയക്കാറ്. ഒരു കുടുംബം പോലെ തങ്ങളുടെ വിഷമങ്ങളും സന്തോഷവും പങ്ക് വെക്കാനും ആടിയും പാടിയും ഒന്നിച്ച് സന്തോഷ നിമിഷങ്ങൾ പങ്ക് വെച്ച് നടത്തുന്ന ക്യാമ്പിലേക്ക് അതിഥികളായി ഞായറാഴ്ച നാദാപുരം എം.എൽ.എ ഇ.കെ വിജയനും കൂത്തുപറമ്പ് എം.എൽ.എ കെ.പി മോഹനനും എത്തിയിരുന്നു.
കുറേ സമയം ക്യാമ്പംഗങ്ങളുമായി സംവദിക്കുകയും ക്യാമ്പിന് നേതൃത്വം നൽകുന്ന പാലിയേറ്റീവ് പ്രവർത്തകരെ അഭിനന്ദിച്ചുമാണ് എം എൽ എമാർ തിരിച്ചു പോയത്.
ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരും ക്യാമ്പിലെത്തി. തങ്ങൾ നിർമ്മിച്ച കരകൗശല വസ്‌തുക്കളും മറ്റും ക്യാമ്പംഗങ്ങൾ എം.എൽ.എ മാരെയും ക്യാമ്പിലെത്തുന്നവരെയും കാണിച്ചു.
കിടക്കയിൽ നിന്നും പരസഹായമില്ലാതെ എഴുന്നേൽക്കാൻ പറ്റാതിരുന്നിട്ടും പാഴ് വസ്‌തുക്കൾ കൊണ്ടും ഈർക്കിൾ കൊണ്ടും മനോഹരമായി കരകൗശല വസ്തുക്കൾ നിർമിച്ച രമേശനെ എം.എൽ.എമാർ അഭിനന്ദിച്ചു.
ക്യാമ്പംഗമായ ഒരു കുട്ടി അകകണ്ണിൻ്റെ വെളിച്ചത്തിൽ മനോഹരമായി പാട്ടുകൾ പാടിയത് ക്യാമ്പിലെത്തുന്നവരുടെ പ്രശംസകൾ ഏറ്റുവാങ്ങി. ക്യാമ്പ് സമാപിക്കുമ്പോൾ അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പുമായാണ് ക്യാമ്പംഗങ്ങൾ പിരിയുന്നത്.
സ്വന്തം പേര് പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവകാരുണ്യ സാമൂഹ്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു കൂട്ടം പാലിയേറ്റീവ് പ്രവർത്തകരാണ് ക്യാമ്പിൻറെ ജീവനാഡിയായി പ്രവർത്തിച്ച്സഹ ജീവി സ്നേഹത്തിൻ്റെ ഉദാത്തമാതൃക സൃഷ്ടിക്കുന്നത്
#example #companionate #love #palliative #camp #Edachery #conclude #today